വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ വിവാദ നിർമ്മാണ പദ്ധതിയായ 250 അടി ഉയരമുള്ള വിജയഗോപുരത്തിന്റെ (triumphal arch) നിർമ്മാണം അടുത്തമാസം ആദ്യം തന്നെ ആരംഭിച്ചേക്കുമെന്ന് ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നവംബർ 5-ഓടെ നിർമ്മാണം ആരംഭിച്ചേക്കുമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നത്.
നഷണൽ ക്യാപിറ്റൽ പ്ലാനിംഗ് കമ്മീഷൻ നവംബർ 5-ന് യോഗം ചേർന്ന് ആർച്ചിന്റെ അന്തിമ പദ്ധതികൾക്ക് അംഗീകാരം നൽകിയേക്കുമെന്നും, തുടർന്ന് ഇന്റീരിയർ ഡിപ്പാർട്ട്മെന്റിന്റെ അനുമതി ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കാമെന്നും ബുധനാഴ്ച സമർപ്പിച്ച കോടതി രേഖകളിൽ പറയുന്നു. വിജയഗോപുരത്തിന്റെ നിർമ്മാണം തടയാൻ ആവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്.
സൈനിക കേന്ദ്രത്തിന്റെ ഘടകങ്ങൾ ഒഴിവാക്കിയോ?
കഴിഞ്ഞ ആഴ്ചയാണ് ഈ വിജയഗോപുരത്തിന്റെ അന്തിമ പദ്ധതികൾ പുറത്തുവിട്ടത്. എന്നാൽ ട്രംപ് നേരത്തെ അവകാശപ്പെട്ടതുപോലെ ഡ്രോണുകളും സ്നിപ്പർമാരും അടങ്ങുന്ന സൈനിക സന്നാഹങ്ങളുടെ വിവരങ്ങൾ പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാജ്യതലസ്ഥാനത്തേക്കുള്ള ഒരു “ആചാരപരമായ പ്രവേശന കവാടം” (ceremonial gateway) എന്നാണ് പദ്ധതി രേഖകളിൽ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷയുടെ ഭാഗമായി ആർച്ചിൽ വലിയ തോതിൽ ഡ്രോണുകളും ആയുധങ്ങളും സൂക്ഷിക്കുമെന്നും സൈനിക സ്നിപ്പർമാർക്ക് നിൽക്കാനുള്ള സൗകര്യം ഒരുക്കുമെന്നും സെപ്റ്റംബറിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ പുറത്തുവിട്ട രൂപരേഖകളിൽ ഈ സൈനിക ലക്ഷ്യങ്ങൾ വ്യക്തമല്ലെങ്കിലും, നിർമ്മാണ വേളയിൽ ഇവ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വൻതോതിൽ വിമർശനങ്ങൾ നേരിടുന്ന ഈ പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് നിയമപോരാട്ടങ്ങൾ നടന്നു വരികയാണ്.



















