വൈദ്യുതി ബിൽ വർധനയിൽ ആകെ വലഞ്ഞ് അമേരിക്കക്കാർ; അഞ്ചിലൊന്ന് പേർ ഭക്ഷണച്ചെലവ് കുറയ്ക്കുന്നു, ദേശീയ സർവേ വിവരങ്ങൾ പുറത്ത്

വൈദ്യുതി ബിൽ വർധനയിൽ ആകെ വലഞ്ഞ് അമേരിക്കക്കാർ; അഞ്ചിലൊന്ന് പേർ ഭക്ഷണച്ചെലവ് കുറയ്ക്കുന്നു, ദേശീയ സർവേ വിവരങ്ങൾ പുറത്ത്

വാഷിങ്ടൺ: അമേരിക്കയിൽ കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ സാധാരണ കുടുംബങ്ങളുടെ ജീവിതനിലവാരത്തെയും സാമ്പത്തിക ഭദ്രതയെയും സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. വൈദ്യുതി ബിൽ അടയ്ക്കാൻ അഞ്ചിലൊന്ന് അമേരിക്കക്കാരും ഭക്ഷണച്ചെലവ് വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് ‘കൺസ്യൂമർ റിപ്പോർട്ട്സ്’ നടത്തിയ പുതിയ ദേശീയ സർവേയിലെ കണ്ടെത്തൽ. ബിൽ കുറയ്ക്കുന്നതിനായി നാലിലൊന്ന് ഉപഭോക്താക്കളും വീടുകളിലെ എയർ കണ്ടീഷണറുകളുടെയും ഹീറ്ററുകളുടെയും ഉപയോഗം ഗണ്യമായി പരിമിതപ്പെടുത്തുന്നുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഒരേ വീട്ടിൽ താമസിക്കുന്നവരിൽ 80 ശതമാനത്തോളം പേർ വൈദ്യുതി ബില്ലിൽ വലിയ വർധന രേഖപ്പെടുത്തിയതായി സർവേയിൽ പറയുന്നു. ഫെഡറൽ കണക്കുകൾ പ്രകാരം യുഎസിലെ പ്രധാന നഗരങ്ങളിൽ വൈദ്യുതി നിരക്ക് മൂന്ന് വർഷത്തിനിടെ 14 ശതമാനത്തിലധികം ഉയർന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഇന്ധനവില വർധനയ്ക്കു പുറമെയാണ് വൈദ്യുതി ബില്ലുകളിലുണ്ടായ ഈ വർധന. പെൻഷൻകാരും വിദ്യാർഥികളും ഉൾപ്പെടെ നിശ്ചിത വരുമാനത്തെ ആശ്രയിച്ചു കഴിയുന്നവരാണ് പ്രതിസന്ധിയിൽ കൂടുതൽ ബുദ്ധിമുട്ടുന്നത്.

ഡാറ്റാ സെന്ററുകളുടെ വ്യാപകമായ നിർമാണവും ഊർജ കമ്പനികളുടെ അമിത ലാഭേച്ഛയുമാണ് വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ കാരണമെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയും ഡാറ്റാ സെന്ററുകളുടെ എണ്ണത്തിലുണ്ടായ വർധനയും വൈദ്യുതി ആവശ്യകത ഉയർത്തുന്നുണ്ട്. വൈദ്യുതി നിരക്കുകളും ജീവിതച്ചെലവും ഇന്ധനവിലയും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയങ്ങളായി മാറിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Share Email
LATEST excelnclexrn
Top