വമ്പൻ പ്രഖ്യാപനവുമായി ഇലോൺ മസ്ക്; അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓഹരി സമ്മാനമായി നൽകും

വമ്പൻ പ്രഖ്യാപനവുമായി ഇലോൺ മസ്ക്; അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്‍റെ ഓഹരി സമ്മാനമായി നൽകും

വാഷിംഗ്ടൺ: അമേരിക്കയിലെ എല്ലാ കുട്ടികൾക്കും അടുത്ത വർഷം മുതൽ സ്പേസ് എക്സിന്റെ ഓരോ ഓഹരി വീതം സമ്മാനമായി നൽകുമെന്ന് ഇലോൺ മസ്കിന്റെ പ്രഖ്യാപനം. സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന നിരവധി സമ്മാന പദ്ധതികളിൽ ആദ്യത്തേത് മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 12ന് നാസ്ഡാക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്പേസ് എക്സിന്റെ ഓഹരികൾ നിലവിൽ 147.43 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നതെന്നാണ് റിപ്പോർട്ട്. 135 ഡോളറായിരുന്നു ഓഹരിയുടെ ഇഷ്യു വില. ഇതിനെക്കാൾ ഏകദേശം 11 ശതമാനം ഉയർന്ന നിരക്കിലാണ് കമ്പനി ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇൻഫ്രാസ്ട്രക്ചറിനും സ്റ്റാർലിങ്ക് സേവനങ്ങൾക്കുമുള്ള ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ കമ്പനിയുടെ സാമ്പത്തിക ലക്ഷ്യങ്ങളും ഉയർത്തിയിട്ടുണ്ട്. 2030ഓടെ വാർഷിക വരുമാനം ഒരു ലക്ഷം കോടി ഡോളറിലെത്തിക്കുകയാണ് സ്പേസ് എക്സിന്റെ ലക്ഷ്യം. നേരത്തേ കണക്കാക്കിയതിനെക്കാൾ ഒരു വർഷം മുമ്പ് ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്റ്റാർലിങ്ക്, എഐ ഇൻഫ്രാസ്ട്രക്ചർ, റോക്കറ്റ് വിക്ഷേപണ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വളർച്ചയാണ് വരുമാന വർധനയ്ക്ക് കരുത്താകുന്നത്. 2026 അവസാനത്തോടെ വാർഷിക വരുമാന റൺ റേറ്റ് 100 ബില്യൺ ഡോളർ കവിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, എഐ മേഖലയിലെ വൻതോതിലുള്ള ചെലവുകൾ ഓഗസ്റ്റ് ആദ്യം കമ്പനിയുടെ ഓഹരികളെ ബാധിച്ചിരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ മൂലധനച്ചെലവ് 28.5 ബില്യൺ ഡോളറായി ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വൻതോതിലുള്ള നിക്ഷേപങ്ങൾ തുടരുന്നതിനിടെയാണ് കുട്ടികൾക്ക് ഓഹരികൾ സമ്മാനമായി നൽകുമെന്ന മസ്കിന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമല്ല. കുട്ടികളുടെ പ്രായപരിധി, യോഗ്യതാ മാനദണ്ഡങ്ങൾ, ഓഹരികൾ വിതരണം ചെയ്യുന്ന രീതി, പദ്ധതിയുടെ സാമ്പത്തികവും നിയമപരവുമായ വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് പുറത്തുവന്നിട്ടില്ല. അതിനാൽ പ്രഖ്യാപനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമാണ്.

Share Email
Top