ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ സൗത്ത് ബോസ്റ്റൺ ഫെഡറൽ കോടതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ മാത്യു ഫാർവെലിനെതിരെയുള്ള വിചാരണ നാലാം ദിവസത്തിലേക്ക് കടന്നു. ഇരുപത്തിമൂന്നുകാരിയായ സാൻഡ്ര ബിഞ്ച്മോറിനെയും അവരുടെ ഗർഭസ്ഥ ശിശുവിനെയും അഞ്ച് വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
കിങ്സ്റ്റൺ പോലീസ് മേധാവിയും മുൻ സ്റ്റൗട്ടൺ ഡെപ്യൂട്ടി പോലീസ് മേധാവിയുമായ ബ്രയാൻ ഹോംസിന്റെ മൊഴിയോടെയാണ് വെള്ളിയാഴ്ച കോടതി നടപടികൾ ആരംഭിച്ചത്. സാൻഡ്രയുടെ മരണത്തെത്തുടർന്ന് ആഭ്യന്തര അന്വേഷണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. തുടർന്ന് എഫ്.ബി.ഐ ഡിജിറ്റൽ ഫോറൻസിക് എക്സ്പർട്ട് ക്രിസ്റ്റഫർ ബെക്ക്സ്ട്രോമും മറ്റൊരു എഫ്.ബി.ഐ ഏജന്റായ ഹെയ്ഡി കെൽഷും കോടതിയിൽ സാക്ഷിമൊഴി നൽകി.
പോലീസ് വകുപ്പിന്റെ യൂത്ത് പ്രോഗ്രാം അംഗമായിരുന്ന സാൻഡ്രയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് മാത്യു ഫാർവെലിനെ പരിചയപ്പെടുന്നത്. സാൻഡ്രയെ വർഷങ്ങളോളം സ്വാധീനിക്കുകയും, അവൾക്ക് 15 വയസ്സുള്ളപ്പോൾ തനിക്ക് 27 വയസ്സുള്ളപ്പോൾ മുതൽ ഇയാൾ ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2021 ഫെബ്രുവരിയിലാണ് കാന്റണിലെ അപ്പാർട്ടുമെന്റിൽ സാൻഡ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു അന്ന് പ്രാഥമിക നിഗമനം. എന്നാൽ മാത്യു ഫാർവെലിന്റെ കുഞ്ഞാണ് തന്റെ വയറ്റിലുള്ളതെന്ന് സാൻഡ്ര വിശ്വസിച്ചിരുന്നുവെന്നും, മരണസമയത്ത് അവർ ഗർഭിണിയായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
മാത്യു ഫാർവെലും സാൻഡ്രയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകയും നിഷേധിച്ചിട്ടില്ല. എന്നാൽ ആ കുഞ്ഞ് തന്റേതാണെന്ന് ഫാർവെൽ ഒരിക്കലും കരുതിയിരുന്നില്ലെന്നും, അവരുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെത്തുടർന്നാണ് സാൻഡ്ര ജീവനൊടുക്കിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഡി.എൻ.എ പരിശോധനയിൽ ഫാർവെൽ അല്ല കുട്ടിയുടെ പിതാവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.
എന്നാൽ സാൻഡ്രയെ കഴുഞുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. 2024-ലാണ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. സാക്ഷിയെയോ ഇരയെയോ കൊലപ്പെടുത്തൽ, ഗർഭസ്ഥ ശിശുവിന്റെ മരണം സംഭവിക്കാൻ ഇടയാക്കൽ എന്നീ ഫെഡറൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. നാല് ആഴ്ചകൂടി നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന വിചാരണയ്ക്കായി 10 പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന 16 അംഗ ജൂറിയെയാണ് കോടതി നിയോഗിച്ചിട്ടുള്ളത്.



















