ഭീഷണിപ്പെടുത്തി പണം തട്ടൽ ലക്ഷ്യം; എഫ്ബിഐ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ കേസിൽ കനേഡിയൻ വിദഗ്ധൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തി പണം തട്ടൽ ലക്ഷ്യം; എഫ്ബിഐ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ കേസിൽ കനേഡിയൻ വിദഗ്ധൻ അറസ്റ്റിൽ

ഫിലഡൽഫിയ: നിലവിലുള്ളതും മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്നതുമായ എഫ്ബിഐ ജീവനക്കാരുടെ രഹസ്യവിവരങ്ങൾ ചോർന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കനേഡിയൻ സൈബർ സുരക്ഷാ എക്സിക്യൂട്ടീവും റാൻസംവെയർ വിദഗ്ധനുമായ എഡ്വേർഡ് ഡുബ്രോവ്സ്കി അറസ്റ്റിൽ. കോടതി രേഖകളും അന്വേഷണവുമായി അടുത്ത വൃത്തങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫിലഡൽഫിയ മേഖലയിലാണ് ഡുബ്രോവ്സ്കിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഫെഡറൽ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിനുവേണ്ടി വാദിക്കാൻ മജിസ്ട്രേറ്റ് ജഡ്ജി ഒരു ഫെഡറൽ പബ്ലിക് ഡിഫൻഡറെ നിയമിച്ചു. ഭീഷണിപ്പെടുത്തി പണം തട്ടൽ, ഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടർനടപടികളുടെ ഭാഗമായി ഡിറ്റൻഷൻ ഹിയറിംഗിനായി അദ്ദേഹത്തെ ടെക്സസിലെ ഈസ്റ്റേൺ ഡിസ്ട്രിക്ടിലേക്ക് മാറ്റിയതായും കോടതി രേഖകളും നിയമപാലകരും വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും, അറസ്റ്റ് നടന്ന സ്ഥലത്തെക്കുറിച്ചോ ഹാക്കിങ്ങിൽ പ്രതിക്കുള്ള പങ്കിനെക്കുറിച്ചോ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഡുബ്രോവ്സ്കിയുടെ പേര് പരാമർശിച്ചില്ലെങ്കിലും, എഫ്ബിഐ ഹാക്കിങ്ങുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായത് ഇയാളാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട നിരവധി പേർ സ്ഥിരീകരിച്ചു.

ഹാക്കിങ്ങിന് പിന്നിലെന്ന് കരുതുന്ന സൈബർ കുറ്റവാളി സംഘത്തിലെ മറ്റൊരു പ്രധാന കണ്ണിയെയും ഈ ആഴ്ച ഫീൽഡ് ഏജന്റുമാർ അറസ്റ്റ് ചെയ്തതായി കാഷ് പട്ടേൽ വെള്ളിയാഴ്ച അറിയിച്ചു. കോടതി രേഖകളിൽ ഡുബ്രോവ്സ്കിയുടെ പേര് ചെറിയ പിശകോടെയാണ് രേഖപ്പെടുത്തിയിരുന്നതെന്നും ഫെഡറൽ നിയമപാലകരിൽ ഒരാൾ സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.

കാനഡയിലെ സൈബർ സുരക്ഷാ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ളയാളാണ് ഡുബ്രോവ്സ്കിയെന്ന് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ അറിയപ്പെടുന്ന സൈബർ സുരക്ഷാ വിദഗ്ധനെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. സൈബർ കുറ്റവാളികളുമായി റാൻസംവെയർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് എഡ്വേർഡ് ഡുബ്രോവ്സ്കി.

Share Email
LATEST excelnclexrn
Top