സ്‌കൂളില്‍ വെടിവയ്പ്പ് നടത്താനുള്ള ഗൂഢാലോചന തകര്‍ത്ത് എഫ്ബിഐ; ജോര്‍ജിയയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

സ്‌കൂളില്‍ വെടിവയ്പ്പ് നടത്താനുള്ള ഗൂഢാലോചന തകര്‍ത്ത് എഫ്ബിഐ; ജോര്‍ജിയയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ജോര്‍ജിയ: സ്‌കൂളില്‍ വെടിവയ്പ്പ് നടത്താനുള്ള ഗൂഢാലോചന സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കാന്റണ്‍ പൊലീസ് അറിയിച്ചു. ഷെയിന്‍ കീത്ത് ടെയ്ലര്‍ , മൈക്കല്‍ ബ്രാന്‍ഡന്‍ ടെറി , പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എന്നിവരാണ് അറസ്റ്റിലായത്. കൊലപാതക ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ എഫ്ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് എഫ്ബിഐ ചെറോക്കി കൗണ്ടി സ്‌കൂള്‍ ജില്ലാ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 19ന് സ്‌കൂള്‍ ജില്ലാ പൊലീസ് കാന്റണ്‍ പൊലീസുമായി ബന്ധപ്പെട്ടു. അന്വേഷണത്തില്‍ ഭീഷണികളുമായി ബന്ധമുള്ള പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ കണ്ടെത്തുകയും ഒക്ടോബര്‍ 20ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളെ ഒക്ടോബര്‍ 23നാണ് അറസ്റ്റ് ചെയ്തത്. ജോര്‍ജിയയിലെ മെറ്റര്‍ സ്വദേശിയായ ടെയ്ലറെ ചെറോക്കി കൗണ്ടി മുതിര്‍ന്നവര്‍ക്കായുള്ള തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കാലിഫോര്‍ണിയയിലെ ചാറ്റ്‌സ്വര്‍ത്ത് സ്വദേശിയായ ടെറിയെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തോക്കുകള്‍, വെടിയുണ്ടകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തെളിവായി കണ്ടെത്തി.

ചെറോക്കി ഹൈസ്‌കൂളിലോ കൗണ്ടിയിലെ മറ്റ് സ്‌കൂളുകളിലോ നിലവില്‍ ഭീഷണിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും എല്ലാ ഭീഷണികളും ഗൗരവത്തോടെയാണ് കാണുന്നതെന്നും കാന്റണ്‍ പൊലീസ് മേധാവി മാര്‍ട്ടി ഫെറല്‍ പറഞ്ഞു. അന്വേഷണത്തിന്റെ കൃത്യതയും നിയമപരമായ നടപടികളും സംരക്ഷിക്കുന്നതിനായി കൂടുതല്‍ വിവരങ്ങളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വ്യക്തിവിവരങ്ങളും പുറത്തുവിടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ അന്വേഷണം തുടരുകയാണ്. ഭീഷണികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ നിയമപാലകരെ അറിയിക്കണമെന്ന് പൊലീസ് രക്ഷിതാക്കളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാന്റണ്‍ പൊലീസിന്റെ 770-720-4883 എന്ന നമ്പറിലോ എഫ്ബിഐയുടെ ഔദ്യോഗിക ടിപ്സ് വെബ്‌സൈറ്റായ tips.fbi.gov വഴിയോ കൈമാറാം. അടിയന്തര സാഹചര്യമുണ്ടെങ്കില്‍ 911ല്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

FBI thwarts plot for a school shooting; three people, including minors, arrested in Georgia.

Share Email
LATEST excelnclexrn
Top