വംശീയ അധിക്ഷേപ സന്ദേശങ്ങള്‍ പങ്കുവെച്ച സംഭവത്തില്‍ യുഎസില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചു

വംശീയ അധിക്ഷേപ സന്ദേശങ്ങള്‍ പങ്കുവെച്ച സംഭവത്തില്‍ യുഎസില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചു

നോര്‍ത്ത കരോലിന: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ വംശീയ അധിക്ഷേപം അടങ്ങിയ സന്ദേശങ്ങള്‍ പങ്കുവെച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ രാജിവച്ചു. ഷാര്‍ലറ്റ്-മെക്ക്‌ലന്‍ബര്‍ഗ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ (ഇങജഉ) ഉദ്യോഗസ്ഥരാണ് രാജിവെച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വക്താവ് തിങ്കളാഴ്ച എബിസി ന്യൂസിനോട് സ്ഥിരീകരിച്ചു. ഇതേ വിഷയത്തില്‍ ആരോപണവിധേയനായ ആറാമത്തെ ഉദ്യോഗസ്ഥന്‍ മറ്റൊരു അന്വേഷണത്തിനിടെ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. ഏഴാമത്തെ ഉദ്യോഗസ്ഥനെ ശമ്പളമില്ലാതെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ആദ്യഘട്ടത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ രാജിവെച്ച വിവരം പൊലീസ് മേധാവി എസ്റ്റെല്ല പാറ്റേഴ്‌സണ്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. പിന്നാലെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി രാജിവെക്കുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതും ഏറെ ആശങ്കയുണ്ടാക്കുന്നതുമാണെന്ന് പാറ്റേഴ്‌സണ്‍ പറഞ്ഞു. ഇത്തരമൊരു വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടിവന്നതില്‍ നിരാശയുണ്ടെന്നും അവര്‍ വ്യക്തമാക്കി. വംശീയ അധിക്ഷേപങ്ങള്‍ ഉള്‍പ്പെട്ട സന്ദേശങ്ങള്‍ കണ്ടെത്തിയത് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ സേത്ത് എലിയറ്റിനെതിരെ ഫ്‌ലോക്ക് ക്യാമറകളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണെന്നാണ് റിപ്പോര്‍ട്ട്.

അന്വേഷണവിധേയരായ ഏഴ് ഉദ്യോഗസ്ഥരുടെ പേരുകള്‍ പൊലീസ് വകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ടു. ഓഗസ്റ്റില്‍ രാജിവെച്ച സേത്ത് എലിയറ്റും പട്ടികയിലുണ്ട്. രാജിവെച്ച മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ മാറ്റിയോ ജുവാരസ്, ജോസഫ് കെല്ലി, അലക്‌സാണ്ടര്‍ ലാര്‍സന്‍, ട്രെഡന്‍ മരോണിക്, മാത്യു ഓസ്‌ബോണ്‍ എന്നിവരാണ്. ഇവരെ ഒക്ടോബര്‍ ഒമ്പതിന് ശമ്പളമില്ലാതെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആറാമത്തെ ഉദ്യോഗസ്ഥനായ ജെറമിയ ടോഡ്മാനെ കൂടുതല്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ശമ്പളമില്ലാതെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

സംഭവത്തില്‍ സുതാര്യതയും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതും ജനവിശ്വാസം നിലനിര്‍ത്താന്‍ നിര്‍ണായകമാണെന്ന് പൊലീസ് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വംശീയ സന്ദേശങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് മേധാവി പാറ്റേഴ്‌സണ്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങള്‍, വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍, പരിശോധനാ വിവരങ്ങള്‍, അറസ്റ്റ് രേഖകള്‍, ലഭിച്ച പരാതികള്‍ എന്നിവ പരിശോധിച്ചതായും അവര്‍ പറഞ്ഞു. ഇതുവരെ പൗരാവകാശ ലംഘനങ്ങള്‍ നടന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഫെഡറല്‍ ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്നും പാറ്റേഴ്‌സണ്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ കുറ്റകൃത്യമോ മറ്റ് നിയമലംഘനങ്ങളോ സ്ഥിരീകരിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നോര്‍ത്ത് കരോലിനയിലെ പൊലീസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തൊരിടത്തും അവര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരായി തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Five police officers in the US have resigned over the sharing of racist messages.

Share Email
More Articles
Top