പൊതു സർവ്വകലാശാലകളിൽ എച്ച്-1ബി വിസ നിയമനങ്ങൾ എല്ലാ സംസ്ഥാനങ്ങളും നിർത്തണം, ആവശ്യമുയർത്തി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്

പൊതു സർവ്വകലാശാലകളിൽ എച്ച്-1ബി വിസ നിയമനങ്ങൾ എല്ലാ സംസ്ഥാനങ്ങളും നിർത്തണം, ആവശ്യമുയർത്തി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്

വാഷിംഗ്ടൺ: തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന യുവ അമേരിക്കൻ ബിരുദധാരികൾക്ക് അവസരം നൽകുന്നതിനായി മറ്റ് യുഎസ് സംസ്ഥാനങ്ങളും പൊതു സർവ്വകലാശാലകളിലെ എച്ച്-1ബി (H-1B) വിസ വഴിയുള്ള വിദേശ തൊഴിലാളികളുടെ നിയമനം അവസാനിപ്പിക്കണമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലോറിഡയിലെ സർവ്വകലാശാലകളിൽ ഇത്തരം നിയമനങ്ങൾ ഇതിനോടകം നിർത്തിവെച്ചിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും യു.എസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്-1ബി, ഒ.പി.ടി തുടങ്ങിയ പ്രോഗ്രാമുകളെ അനുകൂലിക്കുന്ന സർവ്വകലാശാലകളുടെ നടപടിയെ വിമർശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റിന് മറുപടിയായാണ് ഡിസാന്റിസിന്റെ പ്രതികരണം. ചെറുപ്പക്കാരായ അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന ഇത്തരം പരിപാടികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്ലോറിഡയിലെ സർവ്വകലാശാലകളിൽ എച്ച്-1ബി വിസ വഴിയുള്ള നിയമനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2025 ഒക്ടോബറിൽ തന്നെ ഡിസാന്റിസ് നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് 2026 മാർച്ചിൽ ഫ്ലോറിഡയിലെ ബോർഡ് ഓഫ് ഗവർണേഴ്സ്, സംസ്ഥാനത്തെ 12 പൊതു സർവ്വകലാശാലകളിൽ എച്ച്-1ബി പ്രോഗ്രാം വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി വിലക്കുകയുണ്ടായി. 2027 ജനുവരി 5 വരെ ഈ നിയന്ത്രണം തുടരും. എന്നാൽ നിലവിലുള്ള ജീവനക്കാരെ ഇത് ബാധിക്കില്ല.

വിശിഷ്ടമായ അറിവും ബിരുദ യോഗ്യതയും ആവശ്യമുള്ള തൊഴിലുകളിൽ വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ യു.എസ് തൊഴിലുടമകളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ. സർവ്വകലാശാലകളെയും ചില ഗവേഷണ സ്ഥാപനങ്ങളെയും ഇതിന്റെ വാർഷിക പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം യു.എസിൽ തൊഴിൽ പരിചയം നേടാൻ സഹായിക്കുന്ന ഒ.പി.ടി പ്രോഗ്രാമിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. സാധാരണയായി 12 മാസവും എസ്.ടി.ഇ.എം (STEM) വിഭാഗത്തിലുള്ളവർക്ക് അധികമായി 24 മാസവും ഈ പദ്ധതിയിലൂടെ ജോലി ചെയ്യാൻ സാധിക്കും.

Share Email
LATEST excelnclexrn
More Articles
Top