ജയിലില്‍ ആഡംബര ജീവിതമെന്ന പരാതിക്ക് പിന്നാലെ ഡീന്‍ ‘ഡിഡി’ കോംബ്‌സിനെ മറ്റൊരു ജയിലിലേക്ക് മാറ്റി

ജയിലില്‍ ആഡംബര ജീവിതമെന്ന പരാതിക്ക് പിന്നാലെ ഡീന്‍ ‘ഡിഡി’ കോംബ്‌സിനെ മറ്റൊരു ജയിലിലേക്ക് മാറ്റി

വാഷിങ്ടണ്‍: ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഹിപ്-ഹോപ് സംഗീതജ്ഞന്‍ സീന്‍ ‘ഡിഡി’ കോംബ്‌സിനെ മറ്റൊരു ഫെഡറല്‍ ജയിലിലേക്ക് മാറ്റി. ന്യൂജഴ്‌സിയിലെ ജയിലില്‍നിന്ന് പെന്‍സില്‍വാനിയയിലെ എഫ്സിഐ അലന്‍വുഡ് ലോ ജയിലിലേക്കാണ് 56കാരനായ കോംബ്‌സിനെ മാറ്റിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ജയില്‍മാറ്റത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

ജയില്‍മാറ്റം ബ്യൂറോ ഓഫ് പ്രിസണ്‍സ് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തടവുകാരുടെ സ്വകാര്യത, സുരക്ഷ എന്നിവ കണക്കിലെടുത്ത് ജയില്‍മാറ്റത്തിനുള്ള കാരണങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് അധികൃതരുടെ നിലപാട്. പുതിയ ജയിലിലെ സാഹചര്യങ്ങളില്‍ തടസങ്ങളില്ലാതെ മുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോംബ്‌സിന്റെ വക്താവ് ജൂഡ എന്‍ഗല്‍മെയര്‍ പ്രതികരിച്ചു.

ന്യൂജഴ്‌സിയിലെ എഫ്സിഐ ഫോര്‍ട്ട് ഡിക്‌സില്‍ കഴിയുമ്പോള്‍ കോംബ്‌സ് കോടീശ്വരന്റെ ആഡംബര ജീവിതശൈലിയുടെ ഭാഗങ്ങള്‍ തുടര്‍ന്നും ആസ്വദിച്ചിരുന്നതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹെനെസി മദ്യം അനധികൃതമായി ജയിലിലെത്തിച്ചതായും മറ്റ് തടവുകാരെക്കൊണ്ട് ഭക്ഷണം പാകം ചെയ്യിക്കുക, വൃത്തിയാക്കുക, കിടക്ക ഒരുക്കുക, മസാജ് ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നിരോധിത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങള്‍ കാണുകയും മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പരിശോധിക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇതിനു പിന്നാലെ കോംബ്‌സിനെ ജയിലിലെ പ്രത്യേക സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിയതായും 41 ദിവസത്തെ നല്ല പെരുമാറ്റത്തിനുള്ള ശിക്ഷാ ഇളവ് റദ്ദാക്കിയതായും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ മോചന തീയതി 2028 മാര്‍ച്ച് രണ്ടിലേക്ക് നീണ്ടു.

അതേസമയം, ഫോര്‍ട്ട് ഡിക്‌സില്‍ മറ്റൊരു തടവുകാരനുമായുണ്ടായ ഏറ്റുമുട്ടലില്‍ കോംബ്‌സിന് പരിക്കേറ്റതായും ചികിത്സയ്ക്കായി ജയിലിന് പുറത്തേക്ക് കൊണ്ടുപോയതായും ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ബ്യൂറോ ഓഫ് പ്രിസണ്‍സ് അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ പരിക്കേറ്റെന്ന റിപ്പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചതിനു പിന്നാലെയാണ് ജയില്‍മാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.

ലൈംഗികആവശ്യത്തിനായി ആളുകളെ വിവിധ സംസ്ഥാനങ്ങളിലൂടെ കടത്തിക്കൊ ണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിനെത്തുടര്‍ന്ന് നാല് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷ അനുഭവിച്ചുവരികയാണ് കോംബ്‌സ്. കേസിന്റെ വിചാരണയ്ക്കിടെ അക്രമങ്ങളെയും ‘ഫ്രീക്ക്-ഓഫ്‌സ്’ എന്നറിയപ്പെട്ട ലൈംഗിക പാര്‍ട്ടികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. ശിക്ഷ അമിതമാണെന്ന് ചൂണ്ടിക്കാട്ടി കോംബ്‌സ് നല്‍കിയ അപ്പീലില്‍ ഏപ്രിലില്‍ രണ്ടാം യു.എസ്. സര്‍ക്യൂട്ട് അപ്പീല്‍ കോടതി വാദം കേട്ടിരുന്നു. എന്നാല്‍, കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല.

Following complaints about a luxurious lifestyle in prison, Dean ‘DD’ Combs has been moved to another jail.

Share Email
LATEST excelnclexrn
More Articles
Top