വാഷിങ്ടണ്‍: അമേരിക്കയില്‍ ആദ്യ നിര്‍മാണശാല സ്ഥാപിക്കാന്‍ 4.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഓഡി. ജോര്‍ജിയയിലെ മക്കോണില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ നിന്നും ഒരുവര്‍ഷം രണ്ട് ലക്ഷം കാറുകള്‍ നിര്‍മിക്കാനാണ് പദ്ധതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ശനിയാഴ്ച നടന്ന പ്രചാരണ റാലിയിലായിരുന്നു പ്രഖ്യാപനം. ഫാക്ടറി ഏകദേശം 4,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഓഡിയും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.
അമേരിക്കയിലെ വാഹന നിര്‍മാണ മേഖലയിലേക്ക് വന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞു. അടുത്ത മാസം തന്നെ നിര്‍മാണം ആരംഭിക്കുമെന്നും പുതിയ പ്ലാന്റില്‍ വര്‍ഷംതോറും രണ്ട് ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ി. 2030കളുടെ തുടക്കത്തില്‍ വാഹന നിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
അമേരിക്കയിലെ നിക്ഷേപം ആഗോള നിര്‍മാണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമാണെന്ന് ഓഡി അറിയിച്ചു. യൂറോപ്പിനും ചൈനയ്ക്കും പുറമെ വടക്കേ അമേരിക്കയെയും കമ്പനിയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, ജര്‍മന്‍ വാഹന വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ഫോക്സ്വാഗണ് ഉയര്‍ന്ന അമേരിക്കന്‍ ഇറക്കുമതി തീരുവകള്‍, ചൈനീസ് കമ്പനികളില്‍ നിന്നുള്ള മത്സരം, യൂറോപ്പിലെ വാഹന ആവശ്യകതയിലെ അനിശ്ചിതത്വം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.
ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി 2030നകം ഫോക്സ്വാഗണ് ഗ്രൂപ്പില്‍ ഒരു ലക്ഷം വരെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി യൂണിയനുകളുമായി ധാരണയിലെത്തിയിരുന്നു. ആഗോള വാഹന വ്യവസായത്തിലെ ഏറ്റവും വലിയ പുനഃസംഘടനാ നടപടികളിലൊന്നായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് അമേരിക്കയില്‍ വന്‍തോതിലുള്ള നിക്ഷേപം നടത്താനുള്ള ഓഡിയുടെ പ്രഖ്യാപനം പുറത്തുവന്നത്. ട്രംപിന്റെ വ്യാപാരനയങ്ങള്‍ ആഗോള വാഹന നിര്‍മാതാക്കളുടെ നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കവും ശ്രദ്ധ നേടുന്നത്.
2025 ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയതിനുശേഷം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയില്‍ ട്രംപ് തീരുവകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട, ഫോര്‍ഡ് തുടങ്ങിയ കമ്പനികളും അമേരിക്കയിലെ നിര്‍മാണശാലകള്‍ വികസിപ്പിക്കാനോ വിദേശത്തുനിന്നുള്ള ഉല്‍പ്പാദനം അമേരിക്കയിലേക്ക് മാറ്റാനോ പദ്ധതികള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ വാഹന വ്യവസായത്തില്‍ വന്‍ തിരിച്ചുവരവുണ്ടാകുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ വ്യാപാരനയങ്ങളോടുള്ള എതിര്‍പ്പ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ സജീവമായ ട്രംപിന് ഓഡിയുടെ നിക്ഷേപ പ്രഖ്യാപനം രാഷ്ട്രീയമായും സാമ്പത്തികമായും ശ്രദ്ധേയമായിരിക്കുകയാണ്.
German car manufacturer Audi to set up a $4.2 billion factory in the US; will produce 200,000 cars annually.



















