വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ ചലച്ചിത്ര സംവിധായകൻ അറഫാത്ത് ഷെയ്ഖിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വാഷിംഗ്ടൺ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഉടനെയാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതെന്ന് അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്മ അറിയിച്ചു.
വിർജീനിയയിലെ അലക്സാണ്ട്രിയയിൽ താമസിക്കുന്ന ഷെയ്ഖിനെ സെപ്റ്റംബർ 24-നാണ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തതെന്ന് ‘ഫ്രീ അറഫാത്ത് ഷെയ്ഖ്’ എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ ക്യാമ്പയിൻ വ്യക്തമാക്കി. ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സിനിമ പഠനത്തിനായി സ്റ്റുഡന്റ് വിസയിലാണ് ഇദ്ദേഹം യു.എസിൽ എത്തിയത്. നിലവിൽ അദ്ദേഹത്തിന്റെ ഇമിഗ്രേഷൻ അപേക്ഷ അധികൃതരുടെ പരിഗണനയിലിരിക്കുകയാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ഐ.സി.ഇ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയായിരുന്നു. കൃത്യമായ എല്ലാ ഇമിഗ്രേഷൻ രേഖകളും കൈവശമുണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥർ അത് പരിശോധിക്കാതെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.ഫെഡറൽ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്ന യു.എസ് ഏജൻസിയാണ് ഐ.സി.ഇ. വിസ ലംഘനങ്ങൾ സംശയിക്കപ്പെടുന്ന വിദേശ പൗരന്മാരെയോ, അല്ലെങ്കിൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പരിശോധനകൾ പൂർത്തിയാകുന്നത് വരെയോ കസ്റ്റഡിയിൽ വെക്കാൻ ഇവർക്ക് നിയമപരമായ അധികാരമുണ്ട്. സംഭവത്തിൽ ഐ.സി.ഇ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.














