അമേരിക്കന് ഡെമോക്രാറ്റിക് പാര്ട്ടി കോണ്ഗ്രസ് അംഗം ഇല്ഹാന് ഒമറിന്റെ കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട് ഫെഡറല് ഏജന്സികള് അന്വേഷണം നടത്തുന്നതായി റിപ്പോര്ട്ട്. മിനസോട്ടയെ പ്രതിനിധീകരിക്കുന്ന ഒമറിന്റെ വീട്ടില് തിങ്കളാഴ്ച പുലര്ച്ചെ നടത്തിയ പരിശോധന, അമേരിക്കന് പൗരത്വം നേടിയ നടപടികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. 1990-കളുടെ മധ്യത്തില് അഭയാര്ഥിയായി അമേരിക്കയിലെത്തിയപ്പോഴോ പൗരത്വം നേടിയപ്പോഴോ ഒമറോ ബന്ധുക്കളോ തെറ്റായ വിവരങ്ങള് നല്കിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.പരിശോധനയ്ക്കുള്ള വാറന്റില് ഗൂഢാലോചന, കുടിയേറ്റ രേഖകളില് തെറ്റായ വിവരങ്ങള് നല്കല്, കുടിയേറ്റ തട്ടിപ്പ് തുടങ്ങിയ കുറ്റസാധ്യതകള് പരാമര്ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.
ഹോംലാന്ഡ് സെക്യൂരിറ്റി ഇന്വെസ്റ്റിഗേഷന്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര് പരിശോധനയ്ക്കിടെ ഒമറിന്റെ സ്വകാര്യ മൊബൈല് ഫോണ് പിടിച്ചെടുത്തതായും ബന്ധുക്കളില് ചിലര്ക്ക് സമന്സ് നല്കിയതായും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. ഒമറിന്റെ സഹോദരിമാരിലൊരാള് ഫെഡറല് ഉദ്യോഗസ്ഥരുമായി സ്വമേധയാ സംസാരിച്ചതായും റിപ്പോര്ട്ടിലുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് റോയിട്ടേഴ്സ് ഉള്പ്പെടെ 14 മാധ്യമസ്ഥാപനങ്ങള് കോടതിയെ സമീപിച്ചിട്ടുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി ഒമറിന്റെ പൗരത്വം റദ്ദാക്കാനും നാടുകടത്താനും ശ്രമമുണ്ടായേക്കാമെന്ന് കേസുമായി ബന്ധപ്പെട്ട സൂചിപ്പിച്ചതായി റിപ്പോര്ട്ട് പറയുന്നു. പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഹോംലാന്ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്ക്ക്വെയ്ന് മുള്ളിനും നേരത്തേ ഈ സാധ്യത പരാമര്ശിച്ചിരുന്നു.
അതേസമയം, വീട്ടില് നടത്തിയ പരിശോധനയെ രാഷ്ട്രീയ ഭീഷണിപ്പെടുത്തല് നടപടിയെന്നാണ് ഒമര് വിശേഷിപ്പിച്ചത്. അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങള് ആഭ്യന്തര സുരക്ഷാ വകുപ്പ് നീതിന്യായ വകുപ്പിന് കൈമാറി. കേസിനെക്കുറിച്ച് പ്രതികരിക്കാന് നീതിന്യായ വകുപ്പ് വക്താവ് തയ്യാറായില്ല. നിയമാനുസൃതമായും സത്യസന്ധമായും നേടിയതായിരിക്കണം അമേരിക്കന് പൗരത്വമെന്നും, ആവശ്യമായ വസ്തുതകള് ലഭിക്കുന്ന കേസുകളില് പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികള് പരിശോധിക്കുമെന്നും വകുപ്പ് അറിയിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നേതാക്കള്ക്കെതിരായ അന്വേഷണ നടപടികള് പരസ്യമാകുന്നത് അസാധാരണമാണെന്ന് മുന് കുടിയേറ്റ ഉദ്യോഗസ്ഥര് ചൂണ്ടിക്കാട്ടിയതായി റിപ്പോര്ട്ടിലുണ്ട്.കോണ്ഗ്രസ് അംഗങ്ങളുടെ നിയമനിര്മാണ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള് പരിശോധിക്കുന്നതിന് ഭരണഘടനാപരമായ നിയന്ത്രണങ്ങളുണ്ട്. പരിശോധനയ്ക്ക് അനുമതി നല്കിയ മജിസ്ട്രേറ്റ് ജഡ്ജി മാത്യു ഷാര്ബോ, അത്തരം രേഖകള് പരിശോധിക്കപ്പെടാതിരിക്കാന് പ്രത്യേക നടപടികള് നിര്ദേശിച്ചതായും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. എന്നാല്, വാറന്റിലെ വ്യവസ്ഥകള് സംബന്ധിച്ച് ഒമറിന്റെ അഭിഭാഷകര്ക്ക് വിവരം നല്കേണ്ടതുണ്ടായിരുന്നെങ്കിലും അത് നടന്നിട്ടില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വ്യക്തി ആരോപിച്ചു.1995-ല് സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തെത്തുടര്ന്ന് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയ ഒമറിന് 2000-ലാണ് പൗരത്വം ലഭിച്ചത്. നിയമവിരുദ്ധമായ മാര്ഗങ്ങളിലൂടെയോ നിര്ണായക വിവരങ്ങള് മറച്ചുവച്ചോ പൗരത്വം നേടിയതായി കോടതി കണ്ടെത്തിയാല് അത് റദ്ദാക്കാന് അമേരിക്കന് നിയമത്തില് വ്യവസ്ഥയുണ്ട്. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കുറഞ്ഞത് 164 കേസുകള് നീതിന്യായ വകുപ്പ് ഫയല് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. 1990 മുതല് 2017 വരെ പ്രതിവര്ഷം ശരാശരി 11 കേസുകളാണ് ആരംഭിച്ചിരുന്നതെന്ന് ഇമിഗ്രന്റ് ലീഗല് റിസോഴ്സ് സെന്ററിന്റെ കണക്കുകള് വ്യക്തമാക്കുന്നു. ഒമറിനെതിരായ അന്വേഷണത്തില് എന്ത് തെളിവുകളാണ് അധികൃതരുടെ പക്കലുള്ളതെന്നോ അന്വേഷണം എന്ത് നടപടികളിലേക്ക് നീങ്ങുമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
Investigation into Ilhan Omar’s citizenship; reports suggest possibility of deportation is also being examined.



















