ടെല്‍ അവീവ്: ഇസ്രയേലിലെ നിര്‍ണായക പൊതു തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 27 ന് നടക്കുമ്പോള്‍ ലോക രാജ്യങ്ങള്‍ തന്നെ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പായി അത് മാറും. പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭാവിയും രാജ്യത്തിന്റെ ദിശയും നിര്‍ണയിക്കുന്ന വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.ദീര്‍ഘകാലമായി പ്രധാനമന്ത്രി പദം വഹിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് അധികാരത്തില്‍ തുടരാനാകുമോ എന്നതാണ് പ്രധാന ചോദ്യം. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണവും തുടര്‍ന്ന് ഗാസ, ലെബനന്, ഇറാന് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ യുദ്ധങ്ങളും ഇസ്രയേലിന്റെ സുരക്ഷാ സാഹചര്യത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ഏറെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ നയിച്ച നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അവസരമായാണ് നിരവധി വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. ദേശീയതയ്ക്കും മതാധിഷ്ഠിത രാഷ്ട്രീയത്തിനും കൂടുതല്‍ പ്രാധാന്യം നല്കിയ സര്‍ക്കാരെന്ന പേരായിരുന്നു നെതന്യാഹു ഭരണകൂടത്തിനുള്ളത. നീതിന്യായ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. സുപ്രീംകോടതിയുടെ അധികാരം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട നീക്കങ്ങള്‍ക്കെതിരെ 2023ല്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പ്രതിപക്ഷത്ത് മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യാഷര്‍ പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെയും മുന്‍ പ്രതിരോധമന്ത്രി അവിഗ്ദോര്‍ ലിബര്മാന്റെയും നേതൃത്വത്തിലുള്ള പാര്‍ട്ടികളും രംഗത്തുണ്ട്. അഭിപ്രായ സര്വേകളില്ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകളുടെ പിന്തുണ ആവശ്യമാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും തീവ്ര വലതുപക്ഷ, അള്‍ട്രാ ഓര്‍ത്തഡോക്സ് പാര്‍ട്ടികളും ഉള്‍പ്പെടുന്ന സഖ്യത്തിന് അഭിപ്രായ സര്‍വേകള്‍ 49 മുതല്‍ 55 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. . പ്രതിപക്ഷത്തും വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അറബ് പാര്‍ട്ടികളുടെ പിന്തുണയോ വിട്ടുനില്‍ക്കലോ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കാം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം തൂക്കുസര്‍ക്കാര്‍, രാഷ്ട്രീയ സ്തംഭനാവസ്ഥ, അല്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് എന്നിവയ്ക്കുള്ള സാധ്യതയും നിലനില്ക്കുന്നു.
സുരക്ഷാ വിഷയങ്ങള്‍ക്കൊപ്പം ജീവിതച്ചെലവും സമ്പദ്വ്യവസ്ഥയും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ഒരു സര്‍വേ പ്രകാരം, 21 ശതമാനം വോട്ടര്‍മാര്‍ സമ്പദ്വ്യവസ്ഥയെയും ജീവിതച്ചെലവിനെയും പ്രധാന പരിഗണനയായി കാണുന്നു. ഒക്ടോബര്‍ ഏഴിലെ സുരക്ഷാ വീഴ്ചകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യവും നെതന്യാഹുവിനെതിരായ വിമര്‍ശനങ്ങളില്‍ പ്രധാനമാണ്. ഹമാസ് ആക്രമണത്തില്‍ 1,200ലധികം ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണ കമ്മീഷന് രൂപീകരിക്കണമെന്ന ആവശ്യത്തോട് നെതന്യാഹു എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, അള്‍ട്രാ ഓര്‍ത്തഡോക്സ് വിഭാഗത്തിന് സൈനിക സേവനത്തില്‍ അനുവദിച്ചിട്ടുള്ള ഇളവുകളും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ്. സൈനികരുടെ കുറവ് നേരിടുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത സൈനിക സേവനം കൂടുതല്‍ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.
പലസ്തീന് വിഷയത്തിലും തിരഞ്ഞെടുപ്പ് നിര്‍ണായകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചേക്കാം. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നതിനും പലസ്തീന് അതോറിറ്റിക്കുള്ള നികുതി വരുമാനം തടഞ്ഞുവയ്ക്കുന്നതിനും നിലവിലെ സര്‍ക്കാരിലെ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇത്തരം നടപടികള്‍ പലസ്തീന് അതോറിറ്റിയുടെ സാമ്പത്തിക നിലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇസ്രയേലിന്റെ അന്താരാഷ്ട്ര ഒറ്റപ്പെടല്‍, ഇറാനുമായുള്ള സംഘര്‍ഷം, യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്നിവയും പുതിയ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കും. തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിനൊപ്പം ചെറുപാര്‍ട്ടികളുടെ പ്രകടനവും സഖ്യചര്‍ച്ചകളും നിര്‍ണായകമാകും. അതിനാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഇസ്രയേലിന്റെ അടുത്ത സര്‍ക്കാര്‍ ആരുടെ നേതൃത്വത്തിലായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ വ്യക്തത വരാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം.
Israel to cast its vote on Tuesday: A decisive election that will determine Netanyahu’s future and the country’s direction.



















