വാഷിംഗ്ടൺ: സാമൂഹിക ഐക്യവും പങ്കിട്ട സാമുദായിക മൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു കുടിയേറ്റ വ്യവസ്ഥയെ പിന്തുണച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അമേരിക്കൻ പൗരന്മാർക്ക് തങ്ങളുമായി പൊതുവായുള്ള കാര്യങ്ങൾ പങ്കിടുന്ന ആളുകൾക്കൊപ്പം ജീവിക്കാൻ കഴിയണമെന്നും, കുടിയേറ്റ വ്യവസ്ഥ അത് ഉറപ്പാക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. തൊഴിൽ അധിഷ്ഠിത വീസകളും തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്ന ഗ്രീൻ കാർഡുകളും ഉൾപ്പെടെയുള്ള കുടിയേറ്റ നയങ്ങളിൽ ട്രംപ് ഭരണകൂടം കർശന പരിശോധനകൾ തുടരുന്നതിനിടയിലാണ് വാൻസിന്റെ പരാമർശം.
രാഷ്ട്രീയ നയങ്ങളുടെ ഭാഗമായി ഒക്ടോബർ 17ന് സംപ്രേക്ഷണം ചെയ്ത സി.ബി.എസ് ന്യൂസ് ടൗൺ ഹാളിലാണ് വാൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മിഷിഗണിലെ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം കുടിയേറ്റ നയങ്ങളെക്കുറിച്ച് സംസാരിച്ചത്. എച്ച്-1ബി വീസ ഉടമകളെക്കുറിച്ച് താൻ മുൻപ് നടത്തിയ പരാമർശങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിദേശ തൊഴിലാളികളെ കമ്പനികൾ ചൂഷണം ചെയ്യുന്നതിനെതിരെയാണ് താൻ സംസാരിച്ചതെന്നും, അത് തൊഴിലാളികളെ അടിച്ചമർത്താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിൽ നഷ്ടപ്പെട്ടാൽ രാജ്യത്ത് തുടരാൻ കഴിയാത്ത സാഹചര്യം വിദേശ തൊഴിലാളികളെ ദുർബലരാക്കുന്നുണ്ടെന്നും, അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശത്തുനിന്ന് ആളുകളെ കൊണ്ടുവരുന്ന തൊഴിലുടമകളുടെ രീതിയാണ് താൻ ചോദ്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ തൊഴിലാളികളെയും ഇന്ത്യൻ പ്രൊഫഷണലുകളെയും ഇത് എങ്ങനെ ബാധിക്കുന്നു?
തൊഴിൽ അധിഷ്ഠിത കുടിയേറ്റങ്ങളിൽ കർശന പരിശോധനകളാണ് ട്രംപ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ടെക് കമ്പനികളുടെ പി.ഇ.ആർ.എം (PERM) ലേബർ സർട്ടിഫിക്കേഷൻ പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവെച്ചതും ഇതിന്റെ ഭാഗമാണ്. ഇത് ഗ്രീൻ കാർഡ് അപേക്ഷാ നടപടികളെ ബാധിച്ചിട്ടുണ്ട്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും തൊഴിലുടമകൾ കുടിയേറ്റ പ്രോഗ്രാമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് ഈ കർശന നടപടികളെന്നാണ് ഭരണകൂടത്തിന്റെ വാദം.
അതേസമയം, യു.എസിലെ ഇന്ത്യൻ പ്രൊഫഷണലുകളെ സംബന്ധിച്ച് താൽക്കാലിക തൊഴിൽ വീസകളും സ്ഥിരതാമസവും (ഗ്രീൻ കാർഡ്) തമ്മിലുള്ള ബന്ധം വളരെ നിർണായകമാണ്. എച്ച്-1ബി വീസയിലുള്ള പല തൊഴിലാളികളും തൊഴിലിനും ഗ്രീൻ കാർഡ് സ്പോൺസർഷിപ്പിനുമായി പൂർണ്ണമായും തൊഴിലുടമകളെ ആശ്രയിക്കുന്നവരാണ്. കുടിയേറ്റ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ഇവരുടെ ദീർഘകാല പദ്ധതികളെ സാരമായി ബാധിച്ചേക്കാം. കുടിയേറ്റം എന്നത് തൊഴിലും അതിർത്തി സുരക്ഷയും മാത്രമല്ല, അതോടൊപ്പം പ്രാദേശിക സമൂഹങ്ങളുടെ ഐക്യവും സംസ്കാരവും കൂടിയാണ് പരിഗണിക്കേണ്ടതെന്നാണ് വാൻസിന്റെ പുതിയ പ്രസ്താവനകൾ വ്യക്തമാക്കുന്നത്.



















