ടെക്സസ് : ടെക്സസിൽ ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ വെനസ്വേലൻ ഡെലിവറി ഡ്രൈവർ, അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കേസിൽ കസ്റ്റഡിയിൽ തുടരുമെന്ന് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ബുധനാഴ്ചയായിരുന്നു കോടതിയുടെ വിധി.
ഓസ്റ്റിനിൽ നടന്ന സംഭവത്തിന്റെ ബോഡി ക്യാമറ ദൃശ്യങ്ങൾ പ്രോസിക്യൂട്ടർമാർ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് 28 കാരനായ വിൽബർ റാഫേൽ ഗാർസെസ് പെരെയ്ക്ക് എതിരെയുള്ള കേസ് മുന്നോട്ട് കൊണ്ടുപോകാൻ ജഡ്ജി ഡസ്റ്റിൻ ഹോവെൽ ഉത്തരവിട്ടത്. ഡെലിവറി വാനിലുണ്ടായിരുന്ന ഗാർസെസ് പെരെയ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഉദ്യോഗസ്ഥനെ കാറിന്റെ സൈഡ് മിറർ കൊണ്ട് ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചെന്നാണ് ആരോപണം.
ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കുകയോ പ്രതിരോധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തു എന്ന കുറ്റമാണ് ഗാർസെസ് പെരെയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ഈ സംഭവം ടെക്സസ് തലസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ കർശന നടപടികൾക്കെതിരെ ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നുള്ള വിമർശനങ്ങളും ഈ സംഭവം വീണ്ടും ശക്തമാക്കിയിട്ടുണ്ട്.
പുറകിൽ വെടിയുണ്ട ഇപ്പോഴും തറച്ചുകയറിയ നിലയിലുള്ള ഗാർസെസ് പെരെയ് വീൽച്ചെയറിലാണ് കോടതിയിൽ ഹാജരായത്. വെടിയേറ്റ് പത്ത് ദിവസമായിട്ടും തനിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. കൈയിൽ സ്ലിംഗ് ധരിച്ചിരുന്ന അദ്ദേഹം, കോടതി നടപടികളുടെ പരിഭാഷ കേൾക്കാൻ ഹെഡ്സെറ്റ് വെക്കാനും മറ്റുള്ളവരുടെ സഹായം തേടിയിരുന്നു.
ഗാർസെസ് പെരെയ്ക്കെതിരെയുള്ള ആരോപണങ്ങൾ ‘പ്രതികാര നടപടിയാണെന്ന്’ പ്രതിഭാഗം അഭിഭാഷകർ വിശേഷിപ്പിച്ചു. അദ്ദേഹം രക്ഷപ്പെടാൻ ശ്രമിച്ച നിമിഷം ക്യാമറയിൽ പൂർണ്ണമായി പതിയാത്തതിനാൽ ദൃശ്യങ്ങൾ അവ്യക്തമാണെന്നും അവർ വാദിച്ചു.
ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് സ്പെഷ്യൽ ഏജന്റ് റിക്ക് ബസാനും കോടതിയിൽ മൊഴി നൽകി. ഗാർസെസ് പെരെയ്ക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയത് ഇദ്ദേഹമാണ്. എന്നാൽ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാരും ഐ.സി.ഇ ഏജന്റിനെ നേരിട്ട് ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ കാറിന്റെ മിറർ കൊണ്ട് ഐ.സി.ഇ ഏജന്റിന് യഥാർത്ഥത്തിൽ പരിക്കേറ്റിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കൂടാതെ, കാറിടിച്ചുവെന്ന് പറയുന്ന ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് ബോഡി ക്യാമറ ധരിക്കാതിരുന്നത് എന്ന കാര്യവും ഏജന്റിന് വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു.
















