വാഷിംഗ്ടൺ: പൗരന്മാരുടെ വീടുകളിൽ നേരിട്ടെത്തി ഇമിഗ്രേഷൻ പദവിയെക്കുറിച്ചും സമീപകാല തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നടപടി വോട്ടവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ഫെഡറൽ കോടതിയുടെ വിധി. തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് ഇത്തരം പരിശോധനകൾ നടത്തുന്നതിനെതിരെയാണ് ബുധനാഴ്ച വൈകിട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കലിഫോർണിയ, ന്യൂയോർക്ക് ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിൽ പൗരന്മാരാണെന്ന് സംശയിക്കുന്നതോ അറിയാവുന്നതോ ആയ വ്യക്തികളുടെ വീടുകളിൽ ചെന്ന് ഇത്തരം തിരഞ്ഞെടുപ്പ് സംബന്ധമായ അന്വേഷണങ്ങളും ഫീൽഡ് ഇന്റർവ്യൂകളും നടത്തുന്നതിൽ നിന്ന് ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി അരസെലി മാർട്ടിനസ്-ഓൾഗിൻ വിലക്കി. വോട്ടർമാരെ സഹായിക്കുകയോ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവരെ ഭയപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ നടപടിയാണിതെന്ന് കോടതി കണ്ടെത്തി.
വിദേശ പൗരന്മാർ വോട്ട് ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ഇത് നിയമപരമായി വോട്ട് ചെയ്യുന്നവരെ ഭയപ്പെടുത്തുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ കൈവശമുള്ള വിവരങ്ങളും വാണിജ്യ ഡാറ്റയും ഉപയോഗിച്ച് പരിശോധനയ്ക്കുള്ളവരെ കണ്ടെത്തുന്നത് തെറ്റുകൾക്ക് വലിയ സാധ്യതയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് അവസാനിക്കുന്നത് വരെ ഈ ഉത്തരവ് നിലവിലുണ്ടാകും. അതേസമയം, സർക്കാരിന് അപ്പീൽ നൽകുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെ കോടതി ഉത്തരവിന്റെ നടപ്പാക്കൽ തടഞ്ഞിട്ടുണ്ട്. നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളാണ് സർക്കാരിന്റെ ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

















