വാഷിംഗ്ടൺ: കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി യുഎസിൽ നിന്നും എൽ സാൽവദോറിലേക്ക് നാടുകടത്തുകയും പിന്നീട് തിരിച്ചെത്തിക്കുകയും ചെയ്ത കിൽമർ അബ്രെഗോ ഗാർസിയ എന്ന യുവാവിനെ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലേക്ക് നാടുകടത്താനുള്ള ഭരണകൂടത്തിന്‍റെ പുതിയ നീക്കത്തിനെതിരെ നിയമപോരാട്ടം ശക്തമാകുന്നു. ചൊവ്വാഴ്ച മേരിലാൻഡിലെ ഫെഡറൽ കോടതിയിൽ ഹാജരാകുന്ന ഗാർസിയയുടെ അഭിഭാഷക സംഘം, ലൈബീരിയയിലേക്കുള്ള നാടുകടത്തൽ തടയണമെന്ന് ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെടും.
മേരിലാൻഡിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന അബ്രെഗോ ഗാർസിയയെ, പ്രാദേശിക ഗുണ്ടാസംഘങ്ങളിൽ നിന്ന് വധഭീഷണിയുള്ളതിനാൽ എൽ സാൽവദോറിലേക്ക് നാടുകടത്തരുതെന്ന 2019-ലെ കോടതി ഉത്തരവ് ലംഘിച്ചാണ് 2025 മാർച്ചിൽ ട്രംപ് ഭരണകൂടം നാടുകടത്തിയത്. ഗാർസിയയ്ക്ക് കുപ്രസിദ്ധ ഗുണ്ടാസംഘമായ എം.എസ്-13-ൽ അംഗത്വമുണ്ടെന്നായിരുന്നു ഭരണകൂടത്തിന്റെ വാദമെങ്കിലും അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. എൽ സാൽവദോറിലെ അതീവ സുരക്ഷാ ജയിലായ സെക്കോറ്റിൽ തടവിലാക്കപ്പെട്ട ഇയാളെ, നിയമവിരുദ്ധ നാടുകടത്തലിനെതിരെ കോടതി ഇടപെട്ടതിനെത്തുടർന്ന് മനുഷ്യക്കടത്ത് ആരോപണങ്ങളിൽ വിചാരണ നേരിടാനെന്ന പേരിൽ 2025 ജൂണിൽ യുഎസിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
തുടർന്ന് അബ്രെഗോ ഗാർസിയയെ ലൈബീരിയയിലേക്ക് നാടുകടത്താൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട്, നാടുകടത്തൽ തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം മേരിലാൻഡിലെ യുഎസ് ജില്ലാ ജഡ്ജി പോള സിനിസിനെ സമീപിച്ചു. ഗാർസിയയെ സ്വീകരിക്കാൻ ലൈബീരിയൻ സർക്കാർ തയ്യാറാണെന്നും ഏതാനും ദിവസങ്ങൾക്കകം പ്രത്യേക വിമാനത്തിൽ ഇയാളെ അയക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ഐ.സി.ഇ) സാധിക്കുമെന്നുമാണ് ഭരണകൂടം കോടതിയെ അറിയിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ സ്വീകരിക്കാൻ ധാരണയിലായ രാജ്യങ്ങളിലൊന്നാണ് ലൈബീരിയ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളവരെ ഇത്തരത്തിൽ യു.എസ് അങ്ങോട്ടേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, അവിടെയെത്തിയ ആളുകൾ രാജ്യമില്ലാത്ത അവസ്ഥയിലാണെന്നും കടുത്ത അരക്ഷിതാവസ്ഥ നേരിടുന്നുവെന്നുമാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തനിക്ക് അഭയാർത്ഥി പദവിയോ താമസസൗകര്യമോ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച കോസ്റ്റാറിക്കയിലേക്ക് പോകാൻ തയ്യാറാണെന്ന് ഗാർസിയ അറിയിച്ചിരുന്നെങ്കിലും, ഭരണകൂടം ആ സാധ്യത പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഇതിനുമുമ്പ് ഉഗാണ്ട, എസ്വാറ്റിനി, ഘാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇയാളെ നാടുകടത്താൻ ട്രംപ് ഭരണകൂടം ശ്രമിച്ചെങ്കിലും ആ രാജ്യങ്ങൾ ഗാർസിയയെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഗാർസിയയ്ക്കെതിരെയുള്ള ക്രിമിനൽ കുറ്റപത്രം പ്രതികാര നടപടിയാണെന്ന് കണ്ട് ടെന്നസിയിലെ ഫെഡറൽ കോടതി റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ വാദം കേൾക്കലാണിത്. നിയമവിരുദ്ധമായി എൽ സാൽവദോറിലേക്ക് നാടുകടത്തിയതിനെതിരെ കോടതിയെ സമീപിച്ചതിന് പ്രതികാരമായി ഭരണകൂടം തങ്ങളുടെ ഇമിഗ്രേഷൻ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ഗാർസിയയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഗാർസിയയുടെ വാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് നീതിന്യായ വകുപ്പിന്റെ നിലപാട്.


















