വാഷിംഗ്ടൺ: ജോർജിയയിലെ ഫോൾക്സ്റ്റണിലുള്ള ഡെ റായ് ജെയിംസ് തടങ്കൽ കേന്ദ്രത്തിൽ അനധികൃത കുടിയേറ്റക്കാരൻ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക-ഫെഡറൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തടവുകാർ നിരാഹാര സമരം നടത്തിവരുന്നതിനിടയിലുണ്ടായ ഈ മരണം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
ദീർഘകാലത്തെ തടവും മോശമായ സാഹചര്യങ്ങളും എതിർത്തുകൊണ്ട് തടവുകാർ ഇവിടെ നിരാഹാര സമരം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ലൂയിസ് സാൻഡോവൽ (48) എന്ന എൽ സാൽവഡോർ സ്വദേശിയായ തടവുകാരന്റെ മരണം. വെള്ളിയാഴ്ച പുലർച്ചെ 1.46-ഓടെ സെല്ലിൽ കഴുത്തിൽ കയറുമായി ഇയാളെ കണ്ടെത്തുകയായിരുന്നുവെന്നും ഒരു മണിക്കൂറിനുള്ളിൽ മരണം സ്ഥിരീകരിച്ചതായും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. ഈ മാസം ആദ്യം ഐ.സി.ഇ അറസ്റ്റ് ചെയ്ത സാൻഡോവൽ ഒക്ടോബർ 8-നാണ് ഫോൾക്സ്റ്റൺ കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടത്.
സ്വകാര്യ ജയിൽ കമ്പനിയായ ജിയോ ഗ്രൂപ്പാണ് ഫെഡറൽ സർക്കാരിന്റെ കരാർ പ്രകാരം ഈ കേന്ദ്രം നടത്തിവരുന്നത്. സംഭവത്തിൽ ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടിണി സമരം നടത്തുന്ന തടവുകാരെ ബലമായി ആഹാരം കഴിപ്പിക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് തടവുകാരന്റെ കുടുംബവും അഭിഭാഷകരും ആരോപിച്ചു. രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷം ഐ.സി.ഇ കസ്റ്റഡിയിൽ മരിക്കുന്ന അറുപതാമത്തെ വ്യക്തിയാണ് ലൂയിസ് സാൻഡോവൽ. കുടിയേറ്റക്കാരോട് ഭരണകൂടം കാണിക്കുന്ന അവഗണനയാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.



















