ഹൈദരാബാദ്: രണ്ടാമതും യുഎസ് വിസ അപേക്ഷ നിരസിക്കപ്പെടുമെന്ന ഭയത്തിൽ ഇരുപത്തിയാറുകാരൻ ജീവനൊടുക്കി. ഹൈദരാബാദിലെ അട്ടാപൂർ തേജസ്വിനി നഗറിലെ വ്വീട്ടിലാണ് രോഹിത് റെഡ്ഡി എന്ന യുവാവ് ജീവനൊടുക്കിയത്. ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്ന രോഹിത് ഇതിനായി വിസയ്ക്ക് ശ്രമിച്ചുവരികയായിരുന്നു.
രോഹിത്തിന്റെ ആദ്യ വിസ അപേക്ഷ നേരത്തെ നിരസിക്കപ്പെട്ടിരുന്നു. തുടർന്ന് രണ്ടാമത്തെ അപേക്ഷയുടെ ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. വിസ ലഭിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അദ്ദേഹം മാതാപിതാക്കളുമായി പലതവണ സംസാരിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അട്ടാപൂർ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിസ വൈകിയതിലുള്ള കടുത്ത മാനസിക സമ്മർദ്ദവും ആശങ്കയുമാണ് യുവാവിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിച്ചു.



















