സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിട്ട് മണിക്കൂറുകൾ മാത്രം, കീവിൽ വൻ ആക്രമണം നടത്തി റഷ്യ, അമേരിക്കൻ സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി

സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കിയിട്ട് മണിക്കൂറുകൾ മാത്രം, കീവിൽ വൻ ആക്രമണം നടത്തി റഷ്യ, അമേരിക്കൻ സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി

മോസ്കോ: നവംബറിൽ ത്രികക്ഷി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി മണിക്കൂറുകൾക്കകം, യുക്രെയ്ൻ തലസ്ഥാനമായ കിയീവിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം. യുക്രെയ്നിലെ ഊർജ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ട് നടത്തിയ കനത്ത ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി അറിയിച്ചു. കീവ് നഗരത്തിൽ ക്ലസ്റ്റർ വാർഹെഡ് ഉപയോഗിച്ചുള്ള ആക്രമണങ്ങളും ഉണ്ടായതായി യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി.

ബുധനാഴ്ച യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ്, നവംബർ 10-ന് ശേഷം യുക്രെയ്നുമായും അമേരിക്കയുമായും വീണ്ടും ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചത്. തടവിലാക്കപ്പെട്ട ഒരു അമേരിക്കൻ പൗരനെ മോചിപ്പിച്ചതിന്റെ പേരിൽ റഷ്യൻ പ്രസിഡന്റിനെ വിറ്റ്‌കോഫ് ‘മാനുഷിക വാദി’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 21 മിസൈലുകളും 210 ഡ്രോണുകളും ഉപയോഗിച്ച് റഷ്യൻ സേന കീവിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്.

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ വിജയത്തോട് അടുക്കുകയാണെന്ന് ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ ഈ പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ് തന്നെ കീവിൽ ആദ്യ സ്ഫോടനങ്ങൾ നടന്നിരുന്നു. സമാധാന ചർച്ചകളെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകിയ ശേഷം റഷ്യ മിസൈൽ ആക്രമണങ്ങൾ നടത്തിയത് അവരുടെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണെന്ന് സെലെൻസ്‌കി കുറ്റപ്പെടുത്തി. കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനായി റഷ്യയ്ക്കുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും, യുക്രെയ്ന് അടിയന്തരമായി വ്യോമ പ്രതിരോധ മിസൈലുകൾ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top