Caritas hospital

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടർന്നുപിടിക്കുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടർന്നുപിടിക്കുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ന്യൂയോർക്ക്: സംസ്ഥാനത്ത് അഞ്ചാംപനി ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ന്യൂയോർക്കിൽ ഡിസാസ്റ്റർ എമർജൻസി (ദുരന്ത അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു. ഇതുവരെ ന്യൂയോർക്ക് സിറ്റിയിൽ ഏഴും, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലായി 101-ഉം ഉൾപ്പെടെ ആകെ 108 സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 15 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 92 എണ്ണവും ഗ്രാമീണ മേഖലകളിലും പ്രതിരോധ കുത്തിവെയ്പ്പ് പൂർണ്ണമായി എടുക്കാത്ത ജനവിഭാഗങ്ങൾക്കിടയിലുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, കൂടുതൽ ജനങ്ങളിലേക്ക് വാക്സിനേഷനും പരിശോധനകളും എത്തിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് അധിക അധികാരം നൽകാനും ലക്ഷ്യമിട്ടാണ് ഗവർണർ കാത്തി ഹോച്ചുൾ അടിയന്തര എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവോടെ വാക്സിൻ നൽകാൻ അധികാരമുള്ള ആരോഗ്യ പ്രവർത്തകരുടെ പരിധി വിപുലീകരിച്ചു. പാരാമെഡിക്കുകൾ, അഡ്വാൻസ്ഡ് ഇ.എം.എസ് പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മിഡ്‌വൈഫുമാർ എന്നിവർക്കും ഇനി മുതൽ വാക്സിൻ നൽകാം. ഡോക്ടർമാർക്ക് പുറമെ രോഗനിർണ്ണയ പരിശോധനകൾ നിർദ്ദേശിക്കാൻ നഴ്സുമാർക്കും അനുമതി നൽകിയിട്ടുണ്ട്.

അഞ്ചാംപനി സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പരിശോധിച്ച ശേഷമാണ് ഈ പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാൻ ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഗവർണർ അറിയിച്ചു. വാക്സിനിലൂടെ തടയാൻ സാധിക്കുന്ന ഒരു രോഗം ബാധിച്ച് ആരും ഗുരുതരാവസ്ഥയിലാവുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യരുതെന്നും, കൂടുതൽ പേരിലേക്ക് വാക്സിനും പരിശോധനകളും എത്തിക്കാനാണ് ഈ നടപടികളെന്നും അവർ വ്യക്തമാക്കി. രോഗവ്യാപന തോതും പ്രാദേശിക ആരോഗ്യ അപകടസാധ്യതകളും പൊതുജനങ്ങൾക്ക് നേരിട്ട് നിരീക്ഷിക്കാനായി സംസ്ഥാന സർക്കാർ പ്രത്യേക ‘മീസിൽസ് ഡാഷ്‌ബോർഡും’ ആരംഭിച്ചിട്ടുണ്ട്.

ചുമയിലൂടെയും തുമ്മലിലൂടെയും വായുവിലൂടെ അതിവേഗം പകരുന്ന ഗുരുതരമായ രോഗമാണ് അഞ്ചാംപനി. മുഖത്ത് തുടങ്ങി ക്രമേണ ശരീരം മുഴുവൻ പടരുന്ന ചുവന്ന തിണർപ്പുകളും ഉയർന്ന പനിയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. എല്ലാവരും തങ്ങളുടെ മീസിൽസ്, മംപ്സ്, റുബെല്ല (എം.എം.ആർ) വാക്സിനുകൾ കൃത്യമായി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുട്ടികൾക്ക് 12-ാം മാസത്തിൽ ആദ്യ ഡോസും, 4 മുതൽ 6 വയസ്സിനിടയിൽ രണ്ടാമത്തെ ഡോസുമാണ് നൽകേണ്ടത്. ആറു മുതൽ 11 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് രോഗസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി പ്രത്യേക ഡോസ് വാക്സിൻ നൽകാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top