വാഷിങ്ടണ്: യുഎസില് അഞ്ചാംപനി വ്യാപനം രൂക്ഷമാകുന്നു. ഈ വര്ഷം ഇതുവരെ 4,410 കേസുകള് സ്ഥിരീകരിച്ചതായി യുഎസ് സെന്റേഴ്സ് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) അറിയിച്ചു. 45 സംസ്ഥാനങ്ങളിലും വാഷിങ്ടണ് ഡിസിയിലുമായി രോഗബാധ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതില് 18 പേര് അമേരിക്ക സന്ദര്ശിച്ച വിദേശികളാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്ത പെന്സില്വാനിയയില് രോഗവ്യാപനം നിയന്ത്രിക്കാന് പ്രത്യേക അന്വേഷണസംഘത്തെ അയക്കാനാണ് സിഡിസിയുടെ തീരുമാനം.
പെന്സില്വാനിയയില് മാത്രം 1,200 ലധികം കേസുകള് റിപ്പോര്ട്ട് ചെയ്തതായും ആറുപേര് മരിച്ചതായും പ്രാദേശിക ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി സിഡിസിയുടെ സഹായം ഔദ്യോഗികമായി അഭ്യര്ഥിച്ചിട്ടുണ്ടെന്ന് അധികൃതര് വ്യക്തമാക്കി. അടിയന്തര പൊതുജനാരോഗ്യ പ്രശ്നങ്ങള് നേരിടാന് വിദഗ്ധരെയും അധിക ജീവനക്കാരെയും വിന്യസിക്കുന്നതിനുള്ള എപി-എയ്ഡ് പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസംഘം എത്തുന്നത്. രോഗവ്യാപനം തടയാന് ആവശ്യമായ സാങ്കേതിക സഹായവും വിദഗ്ധ പിന്തുണയും നല്കുമെന്ന് സിഡിസി അറിയിച്ചു.
അമേരിക്കയില് പതിറ്റാണ്ടുകള്ക്കിടെ കാണാത്ത തോതില് അഞ്ചാംപനി വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് ബോസ്റ്റണ് ചില്ഡ്രന്സ് ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റും എബിസി ന്യൂസിന്റെ വിദഗ്ധനുമായ ജോണ് ബ്രൗണ്സ്റ്റീന് പറഞ്ഞു. 2026ല് അഞ്ചാംപനി വ്യാപനം അന്വേഷിക്കാന് ഫെഡറല് തലത്തിലുള്ള രോഗാന്വേഷകരെ നിയോഗിക്കേണ്ടിവരുന്നത് അസാധാരണമാണെന്നു അദ്ദേഹം വ്യക്തമാക്കി.
രോഗബാധിതരില് ഭൂരിഭാഗവും വാക്സിന് സ്വീകരിക്കാത്തവരോ വാക്സിനേഷന് നില വ്യക്തമല്ലാത്തവരോ ആണെന്ന് സിഡിസിയുടെ കണക്കുകള് വ്യക്തമാക്കുന്നു. ആകെ കേസുകളില് ഏകദേശം 96 ശതമാനവും ഈ വിഭാഗത്തിലാണ്പെന്സില്വാനിയയിലെ കേസുകളില് പൂര്ണമായി വാക്സിന് സ്വീകരിച്ചവരുടെ വിഹിതം ഒരു ശതമാനത്തില് താഴെയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചു.
അഞ്ചാംപനി തടയാന് കുട്ടികള്ക്ക് 12 മുതല് 15 മാസം വരെ പ്രായമുള്ളപ്പോള് ആദ്യ ഡോസും നാലിനും ആറിനും ഇടയില് പ്രായമുള്ളപ്പോള് രണ്ടാമത്തെ ഡോസും നല്കാനാണ് സിഡിസിയുടെ നിര്ദേശം. ഒരു ഡോസ് വാക്സിന് 93 ശതമാനവും രണ്ട് ഡോസുകള് 97 ശതമാനവും രോഗത്തിനെതിരെ ഫലപ്രദമാണെന്നും സിഡിസി വ്യക്തമാക്കുന്നു. എന്നാല്, അമേരിക്കയിലെ കിന്റര്ഗാര്ട്ടന് കുട്ടികള്ക്കിടയിലെ വാക്സിനേഷന് നിരക്ക് 2019-20 അധ്യയനവര്ഷത്തിലെ 95.2 ശതമാനത്തില്നിന്ന് 2025-26ല് 92.4 ശതമാനമായി കുറഞ്ഞു. ആരോഗ്യ സെക്രട്ടറി റോബര്ട്ട് എഫ്. കെന്നഡി ജൂനിയറും സിഡിസി ഡയറക്ടര് ഡോ. എറിക്ക ഷ്വാര്ട്സും അഞ്ചാംപനി തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്ഗം എംഎംആര് വാക്സിനാണെന്ന് ആവര്ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Measles outbreak in US; 4410 cases reported so far



















