വാഷിംഗ്ടൺ: യുഎസ് കാപിറ്റോൾ മന്ദിരത്തിന് സമീപം നടന്ന സംഘർഷത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥനും അക്രമിയും വെടിയേറ്റ് ആശുപത്രിയിൽ. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കും ഗുരുതരമായ പരുക്കുകളില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇടക്കാല ഡി സി പൊലീസ് ചീഫ് ജെഫ്രി കരോൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 11 മണിയോടെ കാപിറ്റോൾ ഹിൽ പ്രദേശത്ത് വാവനിലുണ്ടായിരുന്ന നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ അവിടെയൊരു വഴക്ക് നടക്കുന്നത് കണ്ടു. തുടർന്ന് ഇടപെടാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ അക്രമി തോക്ക് ചൂണ്ടുകയും, ഇവർ തിരിച്ച് വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയുടെ കാലിനും ഗാർഡ് ഉദ്യോഗസ്ഥരിലൊരാളുടെ കാലിനുമാണ് വെടിയേറ്റത്.
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെ വാഷിംഗ്ടണിൽ വിന്യസിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റ് ഹൗസിന് സമീപമുണ്ടായ സമാനമായ ആക്രമണത്തിൽ രണ്ട് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് വെടിയേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കേസിൽ അഫ്ഗാൻ പൗരനായ റഹ്മാനുല്ല ലഖാൻവാൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

















