സുരക്ഷിതമായ സൗകര്യങ്ങളില്‍നിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് ധീരമായി മുന്നേറണം: റവ. ജെയിംസ് കെ ജോണ്‍

സുരക്ഷിതമായ സൗകര്യങ്ങളില്‍നിന്ന് പുറത്തുകടന്ന് ദൈവീക ദൗത്യത്തിലേക്ക് ധീരമായി മുന്നേറണം: റവ. ജെയിംസ് കെ ജോണ്‍

പി പി ചെറിയാന്‍

ഡാളസ്: വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ക്കും ഭൗതിക നേട്ടങ്ങള്‍ക്കും മാത്രം മുന്‍ഗണന നല്‍കുന്ന ആത്മീയ ജീവിതത്തില്‍നിന്ന് മാറി, ദൈവീക ദൗത്യത്തിലേക്ക് ധീരമായി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക പാരിഷ് മിഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന് തുടക്കമായി. ഒക്ടോബര്‍ 23 മുതല്‍ 26 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഒക്ടോബര്‍ 23 വെള്ളിയാഴ്ച നടന്ന ഉദ്ഘാടനയോഗത്തില്‍ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോണ്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഹഗ്ഗായി പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കി അദ്ദേഹം നല്‍കിയ സന്ദേശം വിശ്വാസികളുടെ മുന്‍ഗണനകളെക്കുറിച്ചുള്ള ഗൗരവമായ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്യുന്നതായിരുന്നു.

സ്വന്തം വീടുകളുടെയും ജീവിതസൗകര്യങ്ങളുടെയും കാര്യത്തില്‍ മാത്രം ശ്രദ്ധാലുക്കളായി, ദൈവത്തിന്റെ ദൗത്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും നീട്ടിവയ്ക്കുന്ന പ്രവണത വിശ്വാസികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് സന്ദേശം ഓര്‍മിപ്പിച്ചു. സഭയുടെ കെട്ടിടങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതില്‍മാത്രം ഒതുങ്ങിപ്പോകാതെ, ദൈവം നല്‍കിയിരിക്കുന്ന സമയവും വിഭവങ്ങളും ഉപയോഗിച്ച് ലോകത്തിലേക്ക് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും സന്ദേശം എത്തിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.

‘സഭയ്ക്കുള്ളില്‍ മാത്രം ജീവിക്കാനല്ല, സഭയിലൂടെ ലോകത്തെ സേവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്’ എന്ന ഓര്‍മ്മപ്പെടുത്തലോടെ, സുരക്ഷിതമായ സൗകര്യങ്ങളില്‍നിന്ന് പുറത്തുകടന്ന് ധീരമായ ദൗത്യത്തിലേക്ക് മുന്നേറണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

ഇടവക വികാരി ഡോ. റെജിന്‍ രാജു സ്വാഗതം ആശംസിച്ചു. അലക്‌സാണ്ടര്‍ ഫിലിപ്പ്, ജോണ്‍ ശമുവേല്‍, പ്രൊഫ. റെയ്ന ജോര്‍ജ്, മിനി അനില്‍ എന്നിവര്‍ വിവിധ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആത്മീയ നവീകരണത്തിനും വിശ്വാസജീവിതത്തിന്റെ വളര്‍ച്ചയ്ക്കും അവസരമൊരുക്കുന്ന കണ്‍വെന്‍ഷന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലും ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

One must step out of secure comforts and move forward courageously into a divine mission: Rev. James K. John

Share Email
LATEST excelnclexrn
Top