കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ പടർന്നുപിടിച്ച ‘നോർട്ടെ ഫയർ’ കാട്ടുതീയിൽ നിരവധി വീടുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സാൻ ക്ലെമന്റെ, സാൻ ജുവാൻ കാപ്പിസ്ട്രാനോ പ്രദേശങ്ങൾക്ക് സമീപം ആരംഭിച്ച തീജ്വാലകൾ ശക്തമായ ‘സാന്റാ അനാ’ കാറ്റിനെ തുടർന്ന് പെട്ടെന്ന് പടരുകയായിരുന്നു. നിലവിൽ 570 ഏക്കറിലധികം പ്രദേശത്തേക്ക് കാട്ടുതീ വ്യാപിച്ചതായി ഓറഞ്ച് കൗണ്ടി ഫയർ അതോറിറ്റി അറിയിച്ചു.
വൻതോതിൽ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനശ്രമം നടത്തുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഫയർഫൈറ്റർമാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ ആറോളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ കത്തിനശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ തുടർന്ന് 4,600 വീടുകളിലെ പതിനാറായിരത്തോളം നിവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.
ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ശനിയാഴ്ച രാവിലെയോടെ കാട്ടുതീയുടെ അഞ്ച് ശതമാനം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് വ്യോമമാർഗ്ഗവും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശം പൂർണ്ണമായും സുരക്ഷിതമാകുന്നതുവരെ ജനങ്ങൾ മാറിത്താമസിക്കണമെന്ന് ദുരന്തനിവാരണ സേനാ മേധാവികൾ ആവശ്യപ്പെട്ടു.



















