ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ വടക്കൻ ടോളിഡോയിലുള്ള ‘എം.സി. ടാങ്ക് ട്രാൻസ്പോർട്ട്’ സമുച്ചയത്തിൽ രാസവസ്തു ചോർച്ചയും രാസപ്രവർത്തനവും ഉണ്ടായതിനെത്തുടർന്ന് നൂറുകണക്കിന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്ലൈസിഡിൽ മെത്തക്രിലേറ്റ് ചോർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ചത്. പ്രദേശത്ത് വീണ്ടും സ്ഫോടനമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് അധികൃതർ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
ടോളിഡോ മേയർ വെയ്ഡ് കാപ്സുകിവിച്ചിന്റെ അറിയിപ്പനുസരിച്ച്, ടാങ്ക് സംഭരണകേന്ദ്രത്തിന് ചുറ്റുമുള്ള ഒരു മൈൽ പരിധിയിൽ താമസിക്കുന്ന ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മൂന്ന് മൈൽ പരിധിയിലുള്ളവരോട് വീടുകൾക്കുള്ളിൽത്തന്നെ തുടരാനും വാതിലുകളും ജനലുകളും അടച്ചിടാനും നിർദേശം നൽകി. എയർ കണ്ടീഷണറുകളും മറ്റ് വായുസഞ്ചാര സംവിധാനങ്ങളും പൂർണമായി ഓഫ് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ചോർന്ന രാസവസ്തുവിന്റെ പുക ശ്വസിക്കുന്നത് കണ്ണ്, മൂക്ക്, തൊണ്ട, ചർമം എന്നിവിടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും പുകച്ചിലിനും കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഡെപ്യൂട്ടി ഷെരീഫിന് പരിക്കേറ്റതായും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് അഗ്നിരക്ഷാസേനയും അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന വിദഗ്ധ സംഘവും പരിശോധന തുടരുകയാണ്. അന്തരീക്ഷത്തിലെ വിഷാംശത്തിന്റെ അളവ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.



















