വാഷിംഗ്ടൺ: രേഖപ്പെടുത്താത്ത കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അമേരിക്കയിലുടനീളം വിതരണം ചെയ്ത ഏകദേശം 1.22 ലക്ഷം കേസുകൾ ഗെറ്റോറേഡ് സ്പോർട്സ് പാനീയങ്ങൾ പെപ്സികോ തിരിച്ചുവിളിക്കുന്നതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു. യുഎസിലെ 37 സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തിയ 28 ഔൺസ് കുപ്പികളടങ്ങിയ ഗെറ്റോറേഡ് ലെമൺ ലൈം, ഗെറ്റോറേഡ് ലെമൺ ലൈം സീറോ, ഗെറ്റോറേഡ് ഓറഞ്ച്, ഗെറ്റോറേഡ് ഓറഞ്ച് സീറോ എന്നീ നാല് ഇനങ്ങളെയാണ് തിരിച്ചുവിളിക്കൽ ബാധിച്ചിരിക്കുന്നത്.
ഉൽപ്പന്നങ്ങളുടെ നിറം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന യെല്ലോ നമ്പർ 6, യെല്ലോ നമ്പർ 5 എന്നീ സിന്തറ്റിക് ഡൈകൾ ലേബലിൽ രേഖപ്പെടുത്താതെയാണ് ചേർത്തതെന്ന് എഫ്ഡിഎ വ്യക്തമാക്കി. സെപ്റ്റംബർ 25നാണ് പെപ്സികോ സ്വമേധയാ തിരിച്ചുവിളിക്കൽ നടപടികൾ ആരംഭിച്ചത്. തുടർന്ന് ഒക്ടോബർ രണ്ടിന് എഫ്ഡിഎ ഇത് ‘ക്ലാസ് II’ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം താൽക്കാലികമായോ വൈദ്യസഹായത്തോടെ പരിഹരിക്കാവുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് ഈ വിഭാഗീകരണം സൂചിപ്പിക്കുന്നത്. H-0009-2027 ആണ് തിരിച്ചുവിളിക്കലിന്റെ ഔദ്യോഗിക തിരിച്ചറിയൽ നമ്പർ.
അലാസ്ക, അലബാമ, അർക്കൻസാസ്, അരിസോണ, കാലിഫോർണിയ, കൊളറാഡോ, ഫ്ലോറിഡ, ജോർജിയ, ഹവായ്, അയോവ, ഐഡഹോ, ഇല്ലിനോയി, ഇന്ത്യാന, കൻസാസ്, കെന്റക്കി, ലൂസിയാന, മിഷിഗൺ, മിനസോട്ട, മിസോറി, മിസിസിപ്പി, നോർത്ത് കരോലിന, നോർത്ത് ഡക്കോട്ട, നെബ്രാസ്ക, ന്യൂജഴ്‌സി, ന്യൂ മെക്സിക്കോ, നെവാഡ, ന്യൂയോർക്ക്, ഒഹായോ, ഒക്ലഹോമ, പെൻസിൽവാനിയ, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ടെന്നസി, ടെക്സസ്, യൂട്ടാ, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നിവിടങ്ങളിലാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നത്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകുമോ എന്ന കാര്യത്തിൽ പെപ്സികോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


















