അമേരിക്കന്‍ വ്യോമതാവളത്തില്‍ ആക്രമണം നടത്താനായി  ഗൂഢാലോചന: ഇറാന് സഹായം നല്‍കിയെന്ന സംശയത്തില്‍ ബ്രിട്ടനില്‍ രണ്ട് പേര്‍ വീണ്ടും അറസ്റ്റില്‍

അമേരിക്കന്‍ വ്യോമതാവളത്തില്‍ ആക്രമണം നടത്താനായി  ഗൂഢാലോചന: ഇറാന് സഹായം നല്‍കിയെന്ന സംശയത്തില്‍ ബ്രിട്ടനില്‍ രണ്ട് പേര്‍ വീണ്ടും അറസ്റ്റില്‍

ലണ്ടന്‍: യുകെയിലെ  അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തില്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന സംശയവുമായി ബന്ധപ്പെട്ട് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചെന്ന ആരോപണത്തില്‍ രണ്ട് പേരെ ബ്രിട്ടീഷ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള ബ്രിട്ടീഷ് പൗരനും 25 വയസ്സുള്ള ബ്രിട്ടീഷ്-ഇറാന്‍ ഇരട്ട പൗരത്വമുള്ള വ്യക്തിയുമാണ് അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ മാസം നടന്നതായി സംശയിക്കുന്ന ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റോയല്‍ എയര്‍ ഫോഴ്സ് (ഞഅഎ) ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണപദ്ധതിയെന്ന് സംശയിക്കുന്നത്. സെപ്റ്റംബര്‍ 27-ന് ഒരാളെയും ഒക്ടോബര്‍ ഒന്നിന് രണ്ടാമത്തെയാളെയും ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും ചൊവ്വാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വ്യോമതാവളത്തിന് സമീപമുള്ള ഗ്രാമപ്രദേശത്തുനിന്ന് നിരവധി താമസക്കാരെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. ആയുധധാരികളായ പൊലീസും സൈന്യത്തിന്റെ ബോംബ് നിര്‍വീര്യ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വാനുകളില്‍ പെട്രോള്‍ ഉള്‍പ്പെടെയുള്ള തീപിടിത്തം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് അമേരിക്ക ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍നിന്ന് ബോംബര്‍ വിമാനങ്ങള്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (IRGC) പങ്കുണ്ടാകാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ ഇറാന് പങ്കില്ലെന്നാണ് ടെഹ്റാന്റെ നിലപാട്. തങ്ങളുടെ പ്രദേശത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഏത് സൈനിക താവളവും നിയമാനുസൃത ലക്ഷ്യമാണെന്ന് ഇറാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 20 വയസുള്ള അഞ്ചുപേരെ  നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതുവരെ ആരെയും കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയിട്ടില്ല. അന്വേഷണം സങ്കീര്‍ണവും വിവിധ വശങ്ങളുള്ളതുമാണെന്ന് ബ്രിട്ടനിലെ ദേശീയ ഭീകരവിരുദ്ധ പൊലീസ് വിഭാഗം മേധാവി ലോറന്‍സ് ടെയ്ലര്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തിന്റെ പങ്കാളിത്തത്തിന് സാധ്യത കൂടുതലാണെന്നാണ് നിലവിലെ വിലയിരുത്തലെന്നും ഇതിന്റെ വ്യാപ്തിയും ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Plot to attack American airbase: Two more arrested in Britain on suspicion of providing assistance to Iran

Share Email
LATEST excelnclexrn
More Articles
Top