പി പി ചെറിയാന്
ഡാളസ് ( ഗാര്‍ലന്‍ഡ്): കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക സൗഹാര്‍ദവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും, ജാതി-മത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യത്വത്തിന് പ്രാധാന്യം നല്കാന് പുതിയ തലമുറ മുന്നോട്ടുവരണമെന്നും പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ പോള്‍ സക്കറിയ ആഹ്വാനം ചെയ്തു.

കേരള അസോസിയേഷന് ഓഫ് ഡാളസ് സംഘടനയുടെ നേതൃത്വത്തില്‍ ഗാര്‍ലന്‍ഡിലെ KAD / ICEC സെന്ററില്‍ ഒക്ടോബര്‍ 18 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുരോഗതിയും വളര്‍ച്ചയും ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രം സംഭാവനയല്ലെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന മുഴുവന്‍ ജനങ്ങളുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. പരസ്പര സഹകരണവും സൗഹാര്‍ദവുമാണ് നമ്മുടെ സാമൂഹിക ജീവിതത്തിന്റെ യഥാര്‍ത്ഥ അടിത്തറ.
സ്ഥാപനങ്ങളിലോ വ്യാപാര മേഖലകളിലോ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നത് ദുഃഖകരമായ പ്രവണതയാണ്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരില്‍ മതപരമായ വിലക്കുകള്‍ ഉണ്ടാകുന്നത് കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് വലിയ വെല്ലുവിളിയാണ്.
പ്രവാസി മലയാളികളെ ഒരുമിപ്പിച്ചു നിര്‍ത്തുന്നത് ‘മലയാളി’ എന്ന പൊതു സ്വത്വമാണ്. പ്രവാസി സംഘടനകള്‍ ജാതി-മത ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന വിസ്തൃതമായ സമീപനം സ്വീകരിക്കണം.സാംസ്കാരിക കൂട്ടായ്മകളുടെ ഉള്ളില്‍പ്പോലും മതപരവും ജാതീയവുമായ വേര്‍തിരിവുകള്‍ കടന്നുകൂടുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്.
പുതിയ തലമുറ ജാതി-മത ചിന്തകള്‍ക്ക് അപ്പുറം മനുഷ്യരെ അവരുടെ കഴിവുകളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ തയ്യാറാകുന്നത് വലിയ പ്രതീക്ഷ നല്കുന്നു. മതത്തെ അധികാരത്തിനോ ഭിന്നതയ്ക്കോ ഉപയോഗിക്കുന്ന പ്രവണതകളെ പുതിയ തലമുറ തിരിച്ചറിയണം.സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ചിന്തകളെയും ബഹുമാനിക്കാന്‍ സാധിക്കണം. വരുംതലമുറയ്ക്ക് ഭാഷയും സംസ്കാരവും കൈമാറുന്നതിനൊപ്പം പരസ്പര ബഹുമാനം, മതസൗഹാര്‍ദം, മനുഷ്യസ്നേഹം എന്നീ മൂല്യങ്ങള്‍ കൂടി പകര്ന്നുനല്കാന് പ്രവാസി മലയാളി സമൂഹം മുന്നോട്ടുവരണമെന്നും യോഗത്തില്‍ ആഹ്വാനം ചെയ്തു.തുടര്‍ന്ന് സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു സമുചിതമായ മറുപടി നല്കി
അമേരിക്കയില്‍ അറിയപ്പെടുന്ന സാഹിത്യകാരി മീനു എലിസബേത് പോള്‍ സക്കറിയയെ സദസ്സിനു പരിചയപ്പെടുത്തി കേരള അസോസിയേഷന് ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതവും സെക്രട്ടറി മന്‍ജിത് കൈനിക്കര നന്ദിയും പറഞ്ഞു.
മുന്‍ കേരള അസോസിയേഷന് ഓഫ് ഡാളസ് പ്രസിഡന്റുമാരായ ചെറിയാന് ചൂരനാട് , പ്രദീപ് നാഗനൂലില്‍ , ICEC സെക്രട്ടറി ഷിജു കൈനിക്കര ,മറ്റു സംഘടനാ ഭാരവാഹികള്‍ , പീറ്റര്‍ നെറ്റോ ,രാജന് ഐസക് , ലാന പ്രസിഡന്റ് സാമുവേല്‍ യോഹന്നാന് , കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വര്‍ മാമ്പിള്ളി, ഗാര്‍ലാന്‍ഡ് സിറ്റി സീനിയര്‍ അഡൈ്വസറി ബോര്‍ഡ് അംഗം പി സി മാത്യു എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര് സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു
Religious harmony and pluralism must be preserved; the new generation should lead the change: Zacharia



















