വാഷിംഗ്ടണ്‍: ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനായി അമേരിക്കയും ചൈനയും റഷ്യയും മത്സരിച്ച് പദ്ധതികള്‍ തയാറാക്കുന്നതായി റിപ്പോര്‍ട്ട്. ഭാവിയില്‍ ചന്ദ്രനില്‍ സ്ഥിരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കൂടുതല്‍ ദൂരെയുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും ആണവോര്‍ജം നിര്‍ണായകമാകുമെന്നാണ് രാജ്യങ്ങളുടെ വിലയിരുത്തല്‍. 2030 ഓാടെ ചന്ദ്രനില്‍ ആണവ റിയാക്ടര്‍ എത്തിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ചൈനയും റഷ്യയും സംയുക്തമായി 2036 ഓടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്അനുസരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം അറ്റകുറ്റപ്പണികളില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആണവ റിയാക്ടര്‍ വികസിപ്പിക്കാന്‍ നാസ ഓഗസ്റ്റില്‍ കരാറുകാരോട് നിര്‍ദേശിച്ചിരുന്നു. ബഹിരാകാശ യാത്രയെ അതിജീവിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റിയാക്ടര്‍ 2030 ഡിസംബറോടെ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യം. അതേസമയം, ചൈനയുമായുള്ള രഹസ്യസ്വഭാവമുള്ള സഹകരണത്തിന്റെ ഭാഗമായി റഷ്യ ‘സെലീന’ എന്ന പേരിലുള്ള ചാന്ദ്ര ആണവ റിയാക്ടര്‍ 2036ഓടെ വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു. ചൈനയുടെ നേതൃത്വത്തിലുള്ള ചാന്ദ്ര കേന്ദ്രങ്ങള്‍ക്ക് വൈദ്യുതി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാന കാരണം ദീര്‍ഘകാലത്തേക്ക് സ്ഥിരമായ വൈദ്യുതി ലഭ്യമാക്കുക എന്നതാണ്. ചന്ദ്രനിലെ പകല്‍സമയം സോളാര്‍ പാനലുകള്‍ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെങ്കിലും അവിടുത്തെ രാത്രികള്‍ ഭൂമിയിലെ കണക്കുപ്രകാരം രണ്ടാഴ്ചയിലേറെ നീളും. അതിനാല്‍ സൗരോര്‍ജത്തെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിമുട്ടാണ്. സൂര്യപ്രകാശമില്ലാതെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആണവ റിയാക്ടറുകള്‍ക്ക് കുറഞ്ഞ മനുഷ്യ ഇടപെടലോടെ ദീര്‍ഘകാലം വൈദ്യുതി നല്‍കാനാകും. നാസയുടെ നിര്‍ദേശത്തിലുള്ള ലൂണാര്‍ റിയാക്ടര്‍-1 ഏകദേശം 20 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അഞ്ച് വര്‍ഷം ഇടപെടലില്ലാതെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ സെലീന റിയാക്ടറിന് 10 കിലോവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പത്ത് വര്‍ഷം സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പദ്ധതി.
എന്നാല്‍ ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. വിക്ഷേപണത്തിനിടെ റോക്കറ്റ് തകരാറിലായാല്‍ ആണവ റിയാക്ടറുകള്‍ ഉള്‍പ്പെട്ട അപകടത്തിന് സാധ്യതയുണ്ടെന്നും അതുവഴി റേഡിയോ ആക്ടീവ് വസ്തുക്കള്‍ വ്യാപിക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയിലെ റിയാക്ടറുകളെപ്പോലെ ശക്തമായ സംരക്ഷണ സംവിധാനങ്ങള്‍ ചന്ദ്രനില്‍ ഒരുക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ റിയാക്ടറുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബഹിരാകാശ യാത്രികരുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്കായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരാം. യുഎസും റഷ്യയും റിയാക്ടറുകള്‍ ചന്ദ്രനിലേക്ക് പ്രവര്‍ത്തനരഹിതമായ നിലയില്‍ അയയ്ക്കാനാണ് പദ്ധതിയിടുന്നതെങ്കിലും അപകടസാധ്യത പൂര്‍ണമായി ഒഴിവാക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ചന്ദ്രന്റെ ഉടമസ്ഥതയും വിഭവങ്ങളുടെ ഉപയോഗവും സംബന്ധിച്ച ചോദ്യങ്ങളും ഈ ആണവ റിയാക്ടര്‍ മത്സരത്തോടെ വീണ്ടും ഉയരുകയാണ്. 1967ലെ ഔട്ടര്‍ സ്‌പേസ് ട്രീറ്റി പ്രകാരം ഒരു രാജ്യത്തിനും ചന്ദ്രനെ സ്വന്തം പ്രദേശമായി അവകാശപ്പെടാനാകില്ല. എന്നാല്‍ ചാന്ദ്ര കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം രാജ്യങ്ങള്‍ക്ക് നിയന്ത്രിക്കാനാകുമോ, അവിടെ നിന്ന് ശേഖരിക്കുന്ന വിഭവങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്കായിരിക്കും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണ്. ചൈനയും റഷ്യയും ചേര്‍ന്ന് സ്ഥാപിക്കുന്ന ആണവ റിയാക്ടര്‍ ചന്ദ്രനില്‍ നിയന്ത്രിത മേഖല സൃഷ്ടിച്ചേക്കുമെന്ന ആശങ്കയും യുഎസിന്റെ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, നിര്‍ദേശിച്ചിരിക്കുന്ന റിയാക്ടറുകള്‍ ചന്ദ്രനില്‍ സ്ഥാപിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് യുഎസിനും ചൈനയ്ക്കും റഷ്യയ്ക്കും ഇതുവരെ തെളിയിക്കാനായിട്ടില്ല. സാങ്കേതികവും സുരക്ഷാപരവുമായ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനനുസരിച്ച് പദ്ധതികളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാം.
Reports indicate that the US, China, and Russia are making rapid moves to establish nuclear reactors on the Moon: the American reactor is expected by 2030, while the joint Russia-China venture is slated for 2036.
















