വാഷിങ്ടണ്‍: ഫെഡറല്‍ ജയിലുകളിലെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ക്ക് നല്കുന്ന വൈദ്യചികിത്സയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഉടന്‍ നടപ്പാക്കുന്നത് തടഞ്ഞ് യുഎസ് സുപ്രീം കോടതി. കീഴ്ക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്. ഇതോടെ പുതിയ നയത്തിന് കീഴ്ക്കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്നാണ് തടവുകാരുടെ ചികിത്സാ നയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടം തീരുമാനിച്ചത്.
പുതിയ നയം അനുസരിച്ച് ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ക്ക് ലിംഗപരിവര്ത്തനവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നടത്തുന്നത് നിര്‍ത്തിവെക്കുകയും ഹോര്‍മോണ്‍ ചികിത്സ ക്രമേണ അവസാനിപ്പിക്കുകയും ചെയ്യാനായിരുന്നു തീരുമാനം. മേക്കപ്പ്, വിഗ്ഗുകള്‍ തുടങ്ങിയ വ്യക്തിപരമായ അവതരണവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തടവുകാര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് നയത്തില്‍ വ്യക്തമാക്കിയിരുന്നു. തടവുകാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഫെഡറല്‍ ഫണ്ട് ചെലവഴിക്കരുതെന്നായിരുന്നു ട്രംപിന്റെ ഉത്തരവിലെ പ്രധാന നിര്‍ദേശം.
നയത്തിനെതിരെ ട്രാന്‍സ്ജെന്‍ഡര്‍ തടവുകാര്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് യുഎസ് ജില്ലാ ജഡ്ജി റോയ്സ് ലാംബെര്‍ത്ത് ആവശ്യമായ ചികിത്സ തുടരാന്‍ ഉത്തരവിട്ടിരുന്നു. ചികിത്സ ലഭിക്കാത്തത് ജെന്‍ഡര്‍ ഡിസ്ഫോറിയ അനുഭവിക്കുന്നവരില്‍ വിഷാദം, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതി ഉത്തരവ് നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചത്.
Restrictions on medical treatment for transgender prisoners: Supreme Court deals a blow to Trump administration’s move



















