അലൻ ചെന്നിത്തല
ഡിട്രോയിറ്റ്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA)യുടെ 2026–2028 കാലയളവിലേക്കുള്ള പബ്ലിക് റിലേഷൻസ് ഓഫീസറായി (PRO) ഡിട്രോയിറ്റിൽ നിന്നുള്ള സൈജൻ കണിയോടിക്കലിനെ തിരഞ്ഞെടുത്തു. ഫോമയുടെ പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ ആശയവിനിമയവും പൊതുജന ബന്ധവും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ചുമതലയാണ് PROയുടേത്.കലാ, സാംസ്കാരിക, സാഹിത്യ, സാമൂഹിക രംഗങ്ങളിൽ ദീർഘകാലമായി സജീവമായ സൈജൻ കണിയോടിക്കലിന് സംഘടനാ പ്രവർത്തനത്തിലും മാധ്യമപ്രവർത്തനത്തിലും വിപുലമായ അനുഭവമുണ്ട്. ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ (DMA) പ്രസിഡന്റായും ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന അദ്ദേഹം DMAയുടെ പ്രസിദ്ധീകരണമായ ‘ധ്വനി’യുടെ ചീഫ് എഡിറ്ററാണ്. ഫോമാ ദേശീയ നേതൃത്വത്തിലും സൈജൻ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ഫോമയുടെ സാഹിത്യ പ്രസിദ്ധീകരണമായ ‘അക്ഷരകേരളം’ ആരംഭിക്കുകയും അതിന്റെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. നാടക രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള സൈജൻ നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഫോമയുടെ അന്താരാഷ്ട്ര നാടക മത്സരങ്ങളിൽ അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.സൈജൻ കണിയോടിക്കലിന്റെ സംഘടനാ പ്രവർത്തന പരിചയവും നേതൃത്വപാടവവും കണക്കിലെടുത്താണ് പുതിയ ചുമതലയിലേക്ക് പരിഗണിച്ചതെന്ന് ഫോമാ പ്രസിഡൻ്റ് ബിജു തോണിക്കടവിൽ, സെക്രട്ടറി പോൾ പി ജോസ്, വൈസ് പ്രസിഡൻ്റ് സാമുവൽ മത്തായി, ജോയൻ്റ് സെക്രട്ടറി ഡോ. മൻജു പിള്ള, ജോയൻ്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ തുടങ്ങിയവർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ആശംസകളും പുതിയ ഫോമാ നേതൃത്വത്തിലെ ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളും അറിയിച്ചിട്ടുണ്ട്. ഫോമയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംഗസംഘടനകളെയും അമേരിക്കൻ മലയാളി സമൂഹത്തെയും കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തോടൊപ്പം പ്രവർത്തിക്കുമെന്ന് സൈജൻ കണിയോടിക്കൽ പറഞ്ഞു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സൈജന്റെ നിയമനം ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് ഗ്രേറ്റ്ലേക്സ് റീജിയണും അഭിമാനകരമായ നേട്ടമാണ്.



















