വിർജീനിയ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചിത്രങ്ങളും പേരുമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിർജീനിയയിലെ പ്രശസ്ത സ്റ്റോറായ ‘വൈറ്റി ടെയ്‌ലേഴ്‌സ് ട്രംപ് ടൗണിൽ’ കച്ചവടം കുത്തനെ കുറഞ്ഞു. ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തിയതിനുശേഷം വിൽപ്പനയിൽ വലിയ ഇടിവുണ്ടായതായി സ്റ്റോർ ഉടമ ടെയ്‌ലർ വ്യക്തമാക്കി. ട്രംപ് അനുകൂലികൾക്കിടയിൽപ്പോലും പ്രസിഡന്റിന്റെ നയങ്ങളോടുള്ള അതൃപ്തി വർധിക്കുന്നതിന്റെ സൂചനയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്.
ട്രംപിന്റെ ചിത്രങ്ങളുള്ള ബോബbleഹെഡുകൾ, ഷോട്ട് ഗ്ലാസുകൾ, ട്രക്കുകളുടെ ഹിച്ചിൽ തൂക്കിയിടുന്ന പ്രത്യേക അലങ്കാരങ്ങൾ തുടങ്ങിയ സ്മരണികകൾ വിൽക്കുന്ന കടയിൽ ഇപ്പോൾ സന്ദർശകരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
ചൈനയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ വരവ് കുറഞ്ഞതും ട്രംപിന്റെ പുതിയ നീക്കങ്ങളെയും പ്രസ്താവനകളെയും അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ വിദേശ നിർമാതാക്കൾ തയ്യാറാക്കാത്തതുമാണ് വിൽപ്പന കുറയാൻ കാരണമെന്ന് ടെയ്‌ലർ പറയുന്നു. ഒരുകാലത്ത് പ്രതിദിനം 12,000 മുതൽ 15,000 ഡോളർ വരെ വിറ്റുവരവുണ്ടായിരുന്ന കടയിൽ ഇപ്പോൾ അത് 1,500 മുതൽ 3,000 ഡോളർ വരെയായി ചുരുങ്ങി.
കടയിലെത്തുന്നവരിൽ ഭൂരിഭാഗത്തിനും ഇതിനകം ട്രംപ് തൊപ്പികളും പതാകകളും മറ്റ് സ്മരണികകളും ഉള്ളതും വിൽപ്പനയെ ബാധിക്കുന്നുണ്ട്. കച്ചവടം കുറഞ്ഞതോടെ ഡോളി പാർട്ടൺ, ചാർലി കിർക്ക് തുടങ്ങിയവരുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളും ബട്ടണുകളും ഉൾപ്പെടുത്തി ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കാനും ടെയ്‌ലർ ശ്രമിച്ചിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ കടുത്ത ആരാധകർക്കിടയിൽപ്പോലും അദ്ദേഹത്തിന്റെ നയങ്ങളോടുള്ള അതൃപ്തി പ്രകടമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ധനവില വർധനയിലും ഇറാൻ യുദ്ധത്തിലും തനിക്ക് വലിയ നിരാശയുണ്ടെന്ന് ടെയ്‌ലറുടെ സുഹൃത്തും ട്രംപ് ആരാധകനുമായ സ്റ്റീവി ലൊവെൽ പറഞ്ഞു. ഗാസയിലെ സംഭവങ്ങൾ ഭീകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രസിഡന്റ് പദവിയിലിരിക്കെ ട്രംപ് മുൻ പ്രസിഡന്റുമാരേക്കാൾ കൂടുതൽ പണം സമ്പാദിച്ചെന്ന വാർത്തകളും തന്നെ അസ്വസ്ഥനാക്കിയതായി ലൊവെൽ വ്യക്തമാക്കി. എങ്കിലും താൻ ഇപ്പോഴും ട്രംപിന്റെ ആരാധകനാണെന്നും എല്ലാ കാര്യങ്ങളിലും ഒരാളോട് പൂർണമായി യോജിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















