Caritas hospital

കോടതിയിൽ പ്രദർശിപ്പിച്ചത് മരിച്ച വ്യക്തിയുടെ എഐ ദൃശ്യങ്ങൾ; പ്രതിക്ക് വിധിച്ച പത്തു വർഷത്തെ തടവുശിക്ഷ റദ്ദാക്കി അരിസോണ അപ്പീൽ കോടതി

കോടതിയിൽ പ്രദർശിപ്പിച്ചത് മരിച്ച വ്യക്തിയുടെ എഐ ദൃശ്യങ്ങൾ; പ്രതിക്ക് വിധിച്ച പത്തു വർഷത്തെ തടവുശിക്ഷ റദ്ദാക്കി അരിസോണ അപ്പീൽ കോടതി

ഫീനിക്‌സ്: അമേരിക്കയിലെ അരിസോണയിൽ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട വ്യക്തിയുടെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിർമ്മിത വീഡിയോ ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് കോടതിയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ, പ്രതിക്ക് വിധിച്ച പത്തു വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. 2021-ൽ ക്രിസ്റ്റഫർ പെൽകി (37) എന്നയാൾ കൊല്ലപ്പെട്ട കേസിൽ ഗബ്രിയൽ പോൾ ഹോർകാസിറ്റസ് (55) എന്ന പ്രതിക്ക് നൽകിയ ശിക്ഷയാണ് അരിസോണ കോർട്ട് ഓഫ് അപ്പീൽസ് റദ്ദാക്കിയത്. തെളിവെന്ന നിലയിൽ എഐ വീഡിയോ വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.

ഒരു പ്രത്യേക സംഭവത്തിന്റെയോ നിമിഷത്തിന്റെയോ യഥാർത്ഥ രേഖയല്ല ഈ വീഡിയോയെന്നും, മറിച്ച് കൊല്ലപ്പെട്ടയാളുടെ സഹോദരിയുടെ ഭാവനയ്ക്കനുസരിച്ച് നിർമ്മിച്ചെടുത്ത ചിന്തകളും ചിത്രീകരണവുമാണ് ഇതിലുള്ളതെന്നും കോടതി നിരീക്ഷിച്ചു. വീഡിയോ യഥാർത്ഥ വസ്തുതകളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും, അതിലെ പ്രസ്താവനകൾ ഇരയായ വ്യക്തി നേരിട്ട് പറയുന്നതുപോലെ അവതരിപ്പിച്ചത് കോടതി നടപടികളുടെ പരിധി ലംഘിച്ചതാണെന്നും ജഡ്ജിമാർ വ്യക്തമാക്കി. ഇത്തരമൊരു എ.ഐ തെളിവ് പരിഗണിച്ചതിലൂടെ ജഡ്ജി നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചുവെന്നാണ് പ്രതിഭാഗം അഭിഭാഷക വാദിച്ചത്. എന്നാൽ ഇത് പെൽകിയുടെ വ്യക്തിത്വത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

അമേരിക്കൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇരയായ വ്യക്തിക്ക് ശബ്‍ദം നൽകാനായി കുടുംബം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയത്. ക്രിസ്റ്റഫർ പെൽകിയുടെ ശബ്‍ദ രേഖകളും വീഡിയോകളും പഴയ ചിത്രങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ സഹോദരി സ്റ്റേസി വെയിൽസാണ് ഈ വീഡിയോ നിർമ്മിച്ചത്. 2025 മെയ് മാസത്തിൽ കോടതിയിൽ പ്രദർശിപ്പിച്ച വീഡിയോയിൽ, തന്നെ വെടിവെച്ച ഹോർകാസിറ്റസിനോട് മറ്റൊരു ജീവിതത്തിലായിരുന്നെങ്കിൽ നമ്മൾ സുഹൃത്തുക്കളാകുമായിരുന്നുവെന്നും ദൈവത്തിലും ക്ഷമയിലും താൻ വിശ്വസിക്കുന്നുവെന്നും എഐ നിർമ്മിത പെൽകി പറയുന്ന രംഗങ്ങളുണ്ടായിരുന്നു.

വിധി റദ്ദാക്കിയ നടപടിയിൽ സ്റ്റേസി വെയിൽസ് നിരാശ പ്രകടിപ്പിച്ചു. ജഡ്ജിക്ക് മുന്നിൽ തന്റെ സഹോദരന്‍റെ വ്യക്തിത്വം തുറന്നുകാട്ടാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും, ജയിലിൽ കഴിയുന്ന കുറ്റവാളിയുടെ അവകാശങ്ങൾക്ക് പൂർണ്ണ സംരക്ഷണം ലഭിക്കുമ്പോൾ കൊല്ലപ്പെട്ട ഇരയുടെ നീതി എവിടെയാണെന്നും അവർ ചോദിച്ചു. എഐ സാങ്കേതികവിദ്യ വീണ്ടും ഉപയോഗിക്കുന്നത് മറ്റൊരു അപ്പീലിലേക്ക് നയിച്ചേക്കാമെന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, നിയമപരമായി അനുവദനീയമായ ഏത് മാർഗ്ഗത്തിലൂടെയും സഹോദരന്റെ ശബ്‍ദം ഇനിയും കോടതിയിൽ എത്തിക്കുമെന്ന് കുടുംബം വ്യക്തമാക്കി. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫീനിക്‌സ് സബർബായ ചാൻഡ്‌ലറിലെ ഒരു ട്രാഫിക് സിഗ്നലിൽ ഉണ്ടായ റോഡ് തർക്കത്തെത്തുടർന്ന്, നിരായുധനായി വാഹനത്തിൽ നിന്നിറങ്ങി നടന്നുവന്ന പെൽകിയെ ഹോർകാസിറ്റസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top