ഷിക്കാഗോ: ഏഴുവയസുകാരിയെ യുവതി കുത്തിക്കൊന്നു. ഷിക്കാഗോയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ഒന്നിലേറെ തവണകുത്തേറ്റാണ് ഏഴുവയസുകാരി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. ഷോപ്പിങ് മേഖലയിലെ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിക്കടുത്തെത്തിയ സ്ത്രീ ആക്രമിക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ പുറത്ത് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോമര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആക്രമണം കണ്ട സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രതിയെ സ്ഥലത്തുവച്ച് തന്നെ തടഞ്ഞുവെച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ സുരക്ഷാ ക്യാമറ ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ഒരു സ്ത്രീയുടെ കൈപിടിച്ച് നടന്ന് പോകുന്നത് കാണാമെന്നും തുടര്‍ന്ന് പ്രതി കുട്ടിയെ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ നിരവധി പേര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി പ്രതിയെ തടഞ്ഞുനിര്‍ത്തുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പ്രതിക്ക് പെണ്‍കുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നോ, അതോ ആക്രമണം യാദൃശ്ചികമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഷിക്കാഗോ ആള്‍ഡര്‍മാന്‍ മിഷേല്‍ ഹാരിസ്, യാതൊരു കാരണവുമില്ലാതെ ഒരു ഏഴ് വയസുകാരി ആക്രമിക്കപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് പ്രതികരിച്ചു. സാധാരണയായി നടപ്പാതയിലൂടെ നടന്നുപോകുന്ന ഒരു കുട്ടിക്ക് പോലും അക്രമമോ ഭയമോ നേരിടേണ്ടിവരരുതെന്നും അവര്‍ പറഞ്ഞു. പ്രതിയെ വേഗത്തില്‍ തടഞ്ഞുനിര്‍ത്തിയ സമീപത്തുണ്ടായിരുന്നവരുടെ ഇടപെടലിനെ ഹാരിസ് അഭിനന്ദിച്ചു.
Seven-year-old girl stabbed to death in Chicago; attacked while walking along the road.
















