വാഷിങ്ടൺ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 30 വയസിൽ താഴെയുള്ള പുരുഷ വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്ക് പിന്തുണ വർധിക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ സർവേ റിപ്പോർട്ട്. 2024ൽ ഇരു പാർട്ടികൾക്കും തുല്യമായ പിന്തുണ ലഭിച്ചിരുന്ന സ്ഥാനത്ത്, ഇപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥികളേക്കാൾ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് പറയുന്ന യുവാക്കളുടെ എണ്ണം ഇരട്ടിയായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
യുവാക്കളുടെ രാഷ്ട്രീയ നിലപാടുകളിലുണ്ടായ മാറ്റത്തിന്റെ കാരണങ്ങൾ മനസിലാക്കാൻ മിഷിഗണിലെ ലാൻസിംഗ് മേഖലയിലെ രണ്ട് ഡസനോളം യുവാക്കളുമായി സിഎൻഎൻ പ്രതിനിധികൾ സംസാരിച്ചു. കോളജ് വിദ്യാർഥികൾ, യുവ പ്രൊഫഷണലുകൾ, തൊഴിലാളികൾ തുടങ്ങിയവർ ഒരുമിച്ച് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഈ മേഖല രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. ഗവർണർ, സെനറ്റ് സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങൾക്കൊപ്പം കടുത്ത പോരാട്ടം നടക്കുന്ന ഒരു കോൺഗ്രസ് മണ്ഡലവും ഇവിടെയുണ്ട്.
ഇറാനുമായുള്ള യുദ്ധം മുതൽ കൃത്രിമബുദ്ധിയുടെ ഉപയോഗവും ഡാറ്റാ സെന്ററുകളുടെ വർധനയും വരെയുള്ള വിഷയങ്ങളിൽ യുവാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ചിലർ രാഷ്ട്രീയത്തോട് താൽപര്യമില്ലാത്ത നിലപാട് സ്വീകരിച്ചപ്പോൾ, മറ്റുചിലർ ഡെമോക്രാറ്റിക് പാർട്ടിയെ പൂർണമായി പിന്തുണയ്ക്കാൻ തയ്യാറായില്ല. എങ്കിലും, ജീവിതച്ചെലവ് വർധിക്കുന്നതിലുള്ള ആശങ്കയും അമേരിക്കൻ സ്വപ്നം തങ്ങൾക്ക് കൈവരിക്കാനാകാത്ത ഒന്നായി മാറുന്നുവെന്ന ഭയവുമാണ് ഭൂരിഭാഗം യുവാക്കളും പങ്കുവെച്ചത്. യുവാക്കളുടെ രാഷ്ട്രീയ സമീപനങ്ങളിലെ ഈ മാറ്റം വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും നിർണായകമായേക്കാമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

















