ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്ഇന്റർനാഷണൽ വിമൻസ് ഫോറത്തിന് പ്രൗഢോജ്ജ്വല തുടക്കം;കാൻസർ ബോധവൽക്കരണ വെബിനാർ ശ്രദ്ധേയമായി

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ്ഇന്റർനാഷണൽ വിമൻസ് ഫോറത്തിന് പ്രൗഢോജ്ജ്വല തുടക്കം;കാൻസർ ബോധവൽക്കരണ വെബിനാർ ശ്രദ്ധേയമായി


എസ്. ജെ. പൂഴിക്കാട്, അറ്റ്ലാന്റ

വാഷിംഗ്‌ടൺ: വനിതാശാക്തീകരണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്റർനാഷണലിന്റെ (Federation of Kerala Associations International) വിമൻസ് ഫോറം ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ മാസത്തിലെ കാൻസർ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ‘കാൻസർ ബോധവൽക്കരണം, രോഗനിർണയവും ചികിത്സയും’ എന്ന വിഷയത്തിലുള്ള വെബിനാർ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളാലും ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങളാലും ശ്രദ്ധേയമായി. ഒക്ടോബർ 10-ന് അമേരിക്കൻ ഈസ്റ്റേൺ സമയം രാവിലെ 10 മണിക്ക്, ഇന്ത്യൻ സമയം വൈകിട്ട് 7.30-ന്, ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുമായി നൂറിലധികം പേർ പങ്കെടുത്തു. ആരോഗ്യബോധവൽക്കരണത്തിനൊപ്പം വനിതകളുടെ നേതൃത്വവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഫെഡറേഷന്റെ പ്രവർത്തനചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്‌പായിമാറി.

ഡോ. ആശാ പോറ്റിയുടെ ഹൃദ്യമായ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഫെഡറേഷൻ വിമൻസ് ഫോറം ചെയർ സ്വപ്ന ഫെലിക്‌സ്‌ സ്വാഗതം ആശംസിക്കുകയും ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ചെയ്‌തു. ഒരു കുടുംബത്തിൽ അമ്മ വഹിക്കുന്ന സ്നേഹനിർഭരവും ഉത്തരവാദിത്വപൂർണവുമായ പങ്കിന് സമാനമാണ് ഒരു സംഘടനയിൽ വിമൻസ് ഫോറത്തിനുള്ള സ്ഥാനമെന്ന് സ്വപ്‌ന ഫെലിക്‌സ് അഭിപ്രായപ്പെട്ടു. വിവിധ അസോസിയേഷനുകളെ ഒരുമയുടെ ചരടിൽ കോർത്തിണക്കുന്നതിനും അംഗങ്ങൾക്ക് കരുത്തും പിന്തുണയും പകരുന്നതിനും വനിതകളുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. നിലവിൽ 125-ലധികം പ്രതിഭാധനരായ വനിതകൾ വിമൻസ് ഫോറത്തിന്റെ ഭാഗമാണെന്നത് അഭിമാനകരമാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ വനിതകളെ സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് സ്വാഗതം ചെയ്യുമെന്നും അവർ പറഞ്ഞു. വനിതകളുടെ കഴിവുകളും അനുഭവസമ്പത്തും നേതൃത്വപാടവവും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന സജീവമായ വേദിയായി വിമൻസ് ഫോറത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും സ്വപ്‌ന ഫെലിക്‌സ് വ്യക്തമാക്കി.

ഫെഡറേഷൻ പ്രസിഡന്റ് ഡോ. കലാ ഷഹി ചടങ്ങിൽ മുഖ്യസന്ദേശം നൽകി. വൈദ്യശാസ്ത്രരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം നൃത്തകലയിലും സാമൂഹികസേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കലാ ഷഹി, ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്കും വിവിധ രാജ്യങ്ങളിൽനിന്നെത്തിയ അംഗങ്ങൾക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. കാൻസർ ബോധവൽക്കരണത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത തന്റെ പ്രസംഗത്തിൽ അവർ വിശദീകരിച്ചു. കാൻസർ എന്നത് ഒരു വ്യക്തിയുടെ മാത്രം വേദനയോ വെല്ലുവിളിയോ അല്ലെന്നും ഒരു കുടുംബത്തിന്റെ മുഴുവൻ ജീവിതത്തെയും പല തലങ്ങളിൽ സ്വാധീനിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണെന്നും അവർ ഓർമ്മിപ്പിച്ചു.

“കാൻസർ ഒരു വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികവും സാമ്പത്തികവുമായ വെല്ലുവിളികളും അത് സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും സമയബന്ധിതമായ രോഗനിർണയവും ചികിത്സയും അതീവ പ്രധാനമാണ്,” ഡോ. കലാ ഷഹി പറഞ്ഞു. രോഗത്തെക്കുറിച്ചുള്ള ഭയത്തേക്കാൾ അറിവിനും ജാഗ്രതയ്ക്കും പ്രാധാന്യം നൽകണമെന്നും രോഗബാധിതരായവരെ കരുതലോടെയും സ്നേഹത്തോടെയും ചേർത്തുനിർത്തുന്ന സാമൂഹികാന്തരീക്ഷം വളർത്തിയെടുക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

കേരള നിയമസഭയിലെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സി. ആർ. മഹേഷ് എം.എൽ.എ. ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാമൂഹികക്ഷേമത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രവാസി സംഘടനകൾ നൽകുന്ന സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തനരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളെ നേരിടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇത്തരം ബോധവൽക്കരണ പരിപാടികൾ പ്രതീക്ഷയും ആത്മവിശ്വാസവും പകരുമെന്ന് പറഞ്ഞു. വൈദ്യശാസ്ത്രരംഗത്തെ അറിവുകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം രോഗബാധിതർക്ക് മാനസിക പിന്തുണ നൽകാനുള്ള കൂട്ടായ ശ്രമങ്ങളും സമൂഹത്തിൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഫെഡറേഷന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ച അദ്ദേഹം വിമൻസ് ഫോറത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും നേർന്നു.

തുടർന്ന് ഫെഡറേഷൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസഫ് കുര്യപ്പുറം സംഘടനയുടെ ചരിത്രവും പ്രവർത്തനപാരമ്പര്യവും വിശദീകരിച്ചു. 1983-ൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഫെഡറേഷൻ, കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി പ്രവാസി മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ കൂട്ടായ്‌മയ്ക്ക് കരുത്തേകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ രൂപീകരണകാലം മുതൽ ഇന്നുവരെയുള്ള വിവിധ ഘട്ടങ്ങളും ശ്രദ്ധേയമായ പ്രവർത്തനങ്ങളും അദ്ദേഹം അനുസ്‌മരിച്ചു. സംഘടനയുടെ ചരിത്രപരമായ വ്യക്തിത്വവും പാരമ്പര്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ജോസഫ് കുര്യപ്പുറം, അടുത്തകാലത്ത് രൂപംകൊണ്ട സമാനനാമമുള്ള മറ്റൊരു സംഘടനയുമായി ബന്ധപ്പെട്ട് അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിച്ചു. ഫെഡറേഷന്റെ ഔദ്യോഗിക നേതൃത്വത്തെയും പ്രവർത്തനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ അംഗങ്ങൾ സ്ഥിരീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ഫെഡറേഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ. ജേക്കബ് ഈപ്പൻ ആശംസാപ്രസംഗത്തിൽ സംഘടനയുടെ അന്താരാഷ്ട്ര പ്രവർത്തനസാധ്യതകളെക്കുറിച്ച് സംസാരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളുമായും മറ്റു സാമൂഹിക കൂട്ടായ്‌മകളുമായും സഹകരിച്ചുകൊണ്ട് കൂടുതൽ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഫെഡറേഷന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിർത്തികൾക്കപ്പുറത്തേക്ക് സൗഹ്യദത്തിന്റെയും സേവനത്തിന്റെയും സഹകരണത്തിന്റെയും പുതിയ പാലങ്ങൾ പണിയാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിലെ ഏറെ ഹൃദയസ്‌പർശിയായ അനുഭവപങ്കുവയ്‌പുകളിലൊന്നായിരുന്നു എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ഡോ. നിഷ മാണിയുടെ പ്രഭാഷണം. കാൻസർ തന്റെ ജീവിതത്തിലുണ്ടാക്കിയ വേദനകളും പ്രതിസന്ധികളും അവയെ ധൈര്യപൂർവം അതിജീവിച്ച അനുഭവങ്ങളും അവർ സദസ്സുമായി പങ്കുവെച്ചു. രോഗാവസ്ഥയിലെ മാനസിക സംഘർഷങ്ങൾ, ജീവിതത്തെക്കുറിച്ചുള്ള മാറിയ കാഴ്‌ചപ്പാടുകൾ, അതിജീവനത്തിലൂടെ നേടിയ ആത്മവിശ്വാസം എന്നിവയെക്കുറിച്ചുള്ള അവരുടെ വാക്കുകൾ പങ്കെടുത്തവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. സ്വന്തം അനുഭവങ്ങളിൽനിന്ന് കരുത്താർജിച്ച് ഇന്ന് മറ്റുള്ളവർക്ക് സഹായവും പ്രചോദനവും നൽകാൻ കഴിയുന്നതിലെ സന്തോഷവും അവർ പങ്കുവെച്ചു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന അഞ്ച് പ്രധാന ജീവിതമന്ത്രങ്ങളും ഡോ. നിഷ മാണി വിശദീകരിച്ചു. പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകാൻ മനുഷ്യനു കഴിയുമെന്ന സന്ദേശം അവരുടെ പ്രഭാഷണത്തിന് പ്രത്യേക മാനം നൽകി.

തുടർന്ന് ഫെഡറേഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ അഡ്വ. രഘുകുമാർ, കെ.ജി.ഡബ്ല്യു. (KGW) വാഷിംഗ്‌ടൺ പ്രസിഡന്റ് ഡോ. നാരായണൻ വള്ളപ്പിൽ എന്നിവർ ആശംസകൾ നേർന്നു. വനിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ ആരോഗ്യ ബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ പ്രധാന ആകർഷണമായ കാൻസർ ബോധവൽക്കരണ പ്രഭാഷണം പ്രശസ്‌ത അർബുദരോഗ ചികിത്സാവിദഗ്‌ധ ഡോ. സാറ ഈശോ നിർവഹിച്ചു. കാൻസറുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യഘടകങ്ങൾ, രോഗസാധ്യത വർധിപ്പിക്കുന്ന സാഹചര്യങ്ങൾ, പ്രതിരോധത്തിനുള്ള മാർഗങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, ആധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. കാൻസറിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റുന്നതിനും ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യസംരക്ഷണത്തെ സമീപിക്കുന്നതിനും ഇത്തരം ബോധവൽക്കരണ പരിപാടികൾ സഹായകരമാണെന്ന് പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. രോഗസാധ്യതകൾ തിരിച്ചറിയുന്നതും ആവശ്യമായ ആരോഗ്യപരിശോധനകൾ നടത്തുന്നതും ചികിത്സ സംബന്ധിച്ച് വിദഗ്ധോപദേശം തേടുന്നതും പ്രധാനമാണെന്ന സന്ദേശം ഡോ. സാറ ഈശോ പങ്കുവെച്ചു. ലളിതവും വ്യക്തവുമായ അവതരണത്തിലൂടെ സങ്കീർണമായ വൈദ്യശാസ്ത്രവിഷയങ്ങൾ സദസ്സിന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ച അവരുടെ പ്രഭാഷണം ഏറെ വിജ്ഞാനപ്രദമായി.

തുടർന്ന് മോഹൻ കുമാർ, രാജൻ പാടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഫെഡറേഷന്റെ സാമൂഹികസേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും ആരോഗ്യബോധവൽക്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങൾ പ്രചോദനമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി ജോൺ, ട്രഷറർ ഷാജി സാമുവൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, വൈസ് പ്രസിഡന്റ് സഞ്ജീവ് ഷൺമുഖൻപിള്ള, അസോസിയേറ്റ് സെക്രട്ടറി ലതീഷ് കൃഷ്‌, അസോസിയേറ്റ് ട്രഷറർ ജേക്കോബ് കുളങ്ങര ജോൺ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സുഹാസ് മുല്ലവീട്ടിൽ, അഡീഷണൽ അസോസിയേറ്റ് ട്രഷറർ ബിജു മാധവൻ, ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ. ജേക്കബ് ഈപ്പൻ എന്നിവർക്കൊപ്പം ട്രസ്റ്റി ബോർഡ് അംഗങ്ങൾ, നാഷണൽ കമ്മിറ്റി, റീജിയണൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ, കുടുംബാംഗങ്ങൾ, സുഹ്യത്തുക്കൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പരിപാടിയുടെ സമാപനത്തിൽ ഷിബിയ സാബു നന്ദിപ്രകാശനം നടത്തി. ഉദ്ഘാടനച്ചടങ്ങിന്റെയും വെബിനാറിന്റെയും വിജയത്തിനായി സഹകരിച്ച വിശിഷ്ടാതിഥികൾക്കും പ്രഭാഷകർക്കും സംഘടനാഭാരവാഹികൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കുചേർന്ന എല്ലാവർക്കും അവർ ഹൃദയപൂർവം നന്ദി അറിയിച്ചു. പരിപാടിയുടെ അവതാരകരായി സമ്‌ന ഹംസ, പ്രത്യുഷ പത്മനാഭൻ, ഷീന കുന്നത്ത് എന്നിവർ പ്രവർത്തിച്ചു. ചടങ്ങിന്റെ വിവിധ ഘട്ടങ്ങളെ മനോഹരമായി കോർത്തിണക്കിക്കൊണ്ട് ഹൃദ്യവും ചിട്ടയാർന്നതുമായ അവതരണത്തിലൂടെ അവർ പരിപാടിക്ക് കൂടുതൽ മികവും പ്രൗഢിയും പകർന്നു.

ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന ചടങ്ങ് അറിവിന്റെയും അനുഭവങ്ങളുടെയും ആത്മവിശ്വാസത്തിന്റെയും അപൂർവ സംഗമമായി മാറി. വനിതകളുടെ നേതൃത്വശേഷിയെ ആദരിക്കുന്നതിനൊപ്പം കാൻസർ ബോധവൽക്കരണത്തിന്റെ പ്രസക്തിയും രോഗബാധിതരെ ചേർത്തുനിർത്തേണ്ട സാമൂഹിക ഉത്തരവാദിത്വവും ഓർമ്മിപ്പിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്. ഒരുമയുടെ കരുത്തിൽ വനിതാശാക്തീകരണത്തിനും കരുതലിന്റെ വെളിച്ചത്തിൽ ആരോഗ്യ ബോധവൽക്കരണത്തിനും പുതിയ വഴികൾ തുറന്നുകൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇന്റർനാഷണലിന്റെ വിമൻസ് ഫോറം ശ്രദ്ധേയമായ തുടക്കം കുറിച്ചു. രോഗത്തെക്കുറിച്ചുള്ള അറിവ് ഭയത്തെ അകറ്റുകയും കരുതലും സഹാനുഭൂതിയും മനുഷ്യജീവിതങ്ങൾക്ക് പ്രതീക്ഷ പകരുകയും ചെയ്യുമെന്ന സന്ദേശം പങ്കുവെച്ച ഈ സംഗമം, പങ്കെടുത്തവരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അനുഭവമായി മാറി.

Share Email
LATEST excelnclexrn
More Articles
Top