യുഎസിലെ എച്ച്-1ബി വീസ ലോട്ടറിയിൽ നിന്ന് പിൻവാങ്ങി പ്രമുഖ ഐടി കമ്പനികൾ; കോഗ്നിസെന്‍റ് രജിസ്ട്രേഷനുകൾ പൂർണ്ണമായി നിർത്തിവെച്ചു

യുഎസിലെ എച്ച്-1ബി വീസ ലോട്ടറിയിൽ നിന്ന് പിൻവാങ്ങി പ്രമുഖ ഐടി കമ്പനികൾ; കോഗ്നിസെന്‍റ് രജിസ്ട്രേഷനുകൾ പൂർണ്ണമായി നിർത്തിവെച്ചു

വാഷിംഗ്ടൺ: ഇന്ത്യയിൽ വലിയതോതിൽ പ്രവർത്തനങ്ങളുള്ള പ്രമുഖ ഐടി സേവന കമ്പനികൾ യുഎസിന്‍റെ എച്ച്-1ബി (H-1B) വീസ ലോട്ടറിയിലുള്ള പങ്കാളിത്തം വൻതോതിൽ വെട്ടിക്കുറച്ചതായി കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ട്. സാമ്പത്തിക വർഷമായ 2027ലെ ലോ്ട്ടറിക്കായി കോഗ്നിസെന്റ് ഒരൊറ്റ രജിസ്ട്രേഷൻ പോലും സമർപ്പിച്ചിട്ടില്ലെന്ന് ഒക്ടോബർ 14-ന് പ്രസിദ്ധീകരിച്ച ‘2026-ലെ എച്ച്-1ബി എക്സിക്യൂട്ടീവ് ആക്ഷൻസ്’ എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ ലോട്ടറിയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ സമർപ്പിച്ച മുൻനിര കമ്പനികളിലൊന്നായ കോഗ്നിസെന്റ് 100 ശതമാനവും, ഇൻഫോസിസ് 91 ശതമാനവും, ടാറ്റ കൺസൾട്ടൻസി സർവീസസ് 95 ശതമാനവും പങ്കാളിത്തമാണ് കുറച്ചത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭരണകൂടം എച്ച്-1ബി പ്രോഗ്രാമിൽ വരുത്തിയ പുതിയ മാറ്റങ്ങളും, ഉയർന്ന ചെലവുകളും, കർശനമായ പരിശോധനകളുമാണ് കമ്പനികളുടെ ഈ പിന്മാറ്റത്തിന് കാര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും കുടിയേറ്റ നിയമങ്ങളിലെ കർശന നടപടികൾ മാത്രമാണോ അതോ കമ്പനികളുടെ വ്യക്തിഗത തീരുമാനങ്ങളാണോ ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

ഉയർന്ന വീസ ഫീസും പുതിയ നിർദ്ദേശങ്ങളും

വിദേശത്തുനിന്നും പുതിയ എച്ച്-1ബി ജീവനക്കാരെ കൊണ്ടുവരുന്ന തൊഴിലുടമകൾക്കായി 2025 സെപ്റ്റംബറിൽ ട്രംപ് ഭരണകൂടം 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയിരുന്നു. കോടതി വ്യവഹാരങ്ങളെ തുടർന്ന് ഇത് താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമെ, വാർഷിക വീസ പരിധിക്ക് വിധേയമായ ഓരോ എച്ച്-1ബി അപേക്ഷയ്ക്കും 103,265 ഡോളർ ഫീസ് ഈടാക്കണമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് 2026 ഓഗസ്റ്റിൽ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

തൊഴിൽ വകുപ്പും എച്ച്-1ബി ജീവനക്കാർക്ക് നൽകേണ്ട കുറഞ്ഞ ശമ്പളം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇത് കമ്പനികൾക്ക് ആദ്യ വർഷം തന്നെ ഏകദേശം 1.46 ബില്യൺ ഡോളറിന്റെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. യു.എസിൽ പ്രൊഫഷണലുകളെ നിയമിക്കുന്ന ഐ.ടി കമ്പനികളെ സംബന്ധിച്ച് ഈ പുതിയ നിയമങ്ങളും ഉയർന്ന ഫീസുകളും വിദേശത്തുനിന്നുള്ള റിക്രൂട്ട്മെന്റ് ചെലവുകൾ വൻതോതിൽ വർദ്ധിപ്പിക്കും.

Share Email
Top