വാഷിംഗ്ടണ്‍: ഇറാഖിലെ അവസാന യുഎസ് സൈനികരും പിന്മാറിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു. ഐഎസ്‌ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി 12 വര്‍ഷത്തോളം നീണ്ട യുഎസ് സൈനിക സാന്നിധ്യത്തിനാണ് ഇതോടെ വിരാമമായത്. ഐഎസ്‌ഐഎസിനെ ഇറാഖിലും മേഖലയിലും സംഘടിത സൈനിക ഭീഷണിയായി പരാജയപ്പെടുത്തിയ ദൗത്യത്തിന്റെ വിജയമാണ് പിന്മാറ്റം സൂചിപ്പിക്കുന്നതെന്ന് പെന്റഗണ്‍ വക്താവ് സീന്‍ പാര്‍ണല്‍ പറഞ്ഞു.
യുദ്ധകാലത്തെ അന്താരാഷ്ട്ര സഖ്യസേനാ ദൗത്യത്തില്‍നിന്ന് ഇറാഖിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖുമായി നടത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് യുഎസ് സൈനിക പിന്മാറ്റം. 2024ല്‍ ബൈഡന്‍ ഭരണകൂടം ധാരണയിലെത്തിയ പദ്ധതിയുമായി ട്രംപ് ഭരണകൂടവും മുന്നോട്ടുപോകുകയായിരുന്നു. സെപ്റ്റംബര്‍ 30 ആയിരുന്നു അന്തിമ പിന്മാറ്റ തീയതിയായി നിശ്ചയിച്ചിരുന്നത്.
ഇറാഖില്‍നിന്ന് യുഎസ് സൈന്യം പൂര്‍ണമായി പിന്മാറുന്നത് ഇത് രണ്ടാം തവണയാണ്. 2003ലെ ഇറാഖ് അധിനിവേശത്തിന് പിന്നാലെ എട്ട് വര്‍ഷം നീണ്ട സൈനിക സാന്നിധ്യത്തിനുശേഷം 2011 ല്‍ യുഎസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ 2014 ല്‍ ഐഎസ്‌ഐഎസ് ഇറാഖിന്റെയും സിറിയയുടെയും വലിയ പ്രദേശങ്ങള്‍ പിടിച്ചെടുത്തതോടെ യുഎസ് സൈന്യം വീണ്ടും തിരിച്ചെത്തി. 2019 ല്‍ ഐഎസ്‌ഐഎസിനെ സൈനികമായി പരാജയപ്പെടുത്തിയെങ്കിലും സംഘടനയുടെ തിരിച്ചുവരവ് തടയാന്‍ യുഎസ് സാന്നിധ്യം തുടരുകയായിരുന്നു.
ഇറാഖില്‍ വര്‍ഷങ്ങളായി 2,500 യുഎസ് സൈനികരാണ് ഉണ്ടായിരുന്നത്. ഇറാന്‍ യുദ്ധം ഉള്‍പ്പെടെയുള്ള പുതിയ പ്രാദേശിക സാഹചര്യങ്ങള്‍ക്കിടെയാണ് ഇപ്പോഴത്തെ പിന്മാറ്റം. ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സെയ്ദി ഐഎസ്‌ഐഎസിനെതിരായ അന്താരാഷ്ട്ര ദൗത്യത്തിന്റെ സമാപനം അടയാളപ്പെടുത്തിയ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് രാജ്യത്തെ സുരക്ഷാ-പ്രവര്‍ത്തന മേഖലയില്‍ പൂര്‍ണ നിയന്ത്രണം സ്ഥാപിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ ഇറാഖിലെ ഇറാന്റെ സ്വാധീനവും ഐഎസ്‌ഐഎസിന്റെ തിരിച്ചുവരവിനുള്ള സാധ്യതയും സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമാകുകയാണ്. ഇറാഖുമായി ഷിയാ ബന്ധമുള്ള ഇറാന്‍ രാജ്യത്തെ ഷിയാ സായുധ സംഘങ്ങള്‍ക്ക് സൈനിക സഹായം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ സിറിയയില്‍നിന്നും യുഎസ് നേരത്തെ സൈന്യത്തെ പിന്‍വലിച്ചിരുന്നു. ബുധനാഴ്ചത്തെ പിന്മാറ്റത്തോടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനാണ് പൂര്‍ണ വിരാമമായത്. 2003 മുതല്‍ 2011 വരെയുള്ള കാലയളവിലാണ് യുഎസ് സൈനികരുടെ ഭൂരിഭാഗം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്; ആകെ ഏകദേശം 4,500 യുഎസ് സൈനികര്‍ ഇറാഖില്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
The last US troops have withdrawn from Iraq, marking the end of a 12-year military mission.
















