ടാമ്പാ: ടാമ്പാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ 2026 ഒക്ടോബര്‍ ഒന്‍പതു മുതല്‍ 11 വരെ തീയതികളില്‍ ഭക്തിനിര്‍ഭരവും വിപുലവുമായ പരിപാടികളോടെ നടത്തപ്പെടുന്നു. വിശ്വാസത്തിന്റെയും കുടുംബകൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും ആഘോഷമായി ഒരുക്കുന്ന മൂന്നു ദിവസത്തെ തിരുനാളിലേക്ക് എല്ലാ ഇടവകാംഗങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ഇടവക നേതൃത്വം അറിയിച്ചു.
ഒക്ടോബര്‍ 9 വെള്ളിയാഴ്ച ആറിന് കൊടിയേറ്റവും 6.15ന് ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് 7.15ന് മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.
ഒക്ടോബര്‍ 10 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരാധനയും കുമ്പസാരവും, 6 മണിക്ക് ദേവാലയത്തില്‍ മലയാളത്തില്‍ ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും. ഫാ. ജോസഫ് ചിറപ്പുറത്ത് മുഖ്യകാര്‍മ്മികനായിരിക്കും; ഫാ. സജി മുത്തിരന്തിക്കല്‍ സിഎഫ്‌ഐസി വചനസന്ദേശം നല്‍കും. അതേസമയം ചാപ്പലില്‍ യുവജനങ്ങള്‍ക്കായുള്ള വിശുദ്ധ കുര്‍ബാനയും സന്ദേശവും ഫാ. ജിമ്മി ജെയിംസിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. രാത്രി 7.30ന് പ്രദക്ഷിണവും ആശീര്‍വാദവും, തുടര്‍ന്ന് 8.15ന് കലാപരിപാടികളും വെടിക്കെട്ടും ഉണ്ടായിരിക്കും. കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണവില്‍പ്പനയും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. ഫാ. അഭിലാഷ് തോമസ് വി.സി. മുഖ്യകാര്‍മ്മികനായിരിക്കും; ഫാ. ജോസ് ചിറപ്പുറത്ത് തിരുനാള്‍ സന്ദേശം നല്‍കും. ചാപ്പലില്‍ ഇംഗ്ലീഷിലുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ലിജോ കൊച്ചുപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 11.45ന് പ്രദക്ഷിണവും സമാപന ആശീര്‍വാദവും തുടര്‍ന്ന് 12.30ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
വിശ്വാസികള്‍ക്ക് കുമ്പസാരത്തിനും ആരാധനയ്ക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ആത്മീയമായി തിരുനാള്‍ ആഘോഷിക്കുന്നതിനും പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. പ്രദക്ഷിണം, കലാപരിപാടികള്‍, വെടിക്കെട്ട്, ഭക്ഷണവില്‍പ്പന, സ്‌നേഹവിരുന്ന് എന്നിവയും മൂന്നു ദിവസത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
”One Faith, One Family in Christ – ഒരേ വിശ്വാസത്തില്‍, ഒരേ കുടുംബമായി ക്രിസ്തുവില്‍” എന്ന ആത്മീയ ചൈതന്യത്തില്‍, പുതിയ ദേവാലയ നിര്‍മ്മാണമെന്ന ഇടവകയുടെ വലിയ സ്വപ്നത്തിലേക്കുള്ള കൂട്ടായ യാത്രയ്ക്കും ഈ തിരുനാള്‍ കൂടുതല്‍ കരുത്തേകും. ഇടവകയിലെ വിവിധ കൂടാരയോഗങ്ങളുടെയും സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഇടവക വികാരി റവ. ഫാ. ജോസഫ് മാത്യു ആദോപ്പിള്ളിയും, കൈക്കാരന്മാരായ ജോസ്‌മോന്‍ തത്തംകുളം, കിഷോര്‍ വട്ടപ്പറമ്പില്‍, ബേബി മാക്കില്‍, റെനി പച്ചിലമാക്കില്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നവര്‍ നേതൃത്വം നല്‍കും.
വാര്‍ത്ത: സിജോയ് പറപ്പള്ളില്‍
The main feast at Tampa Sacred Heart Knanaya Catholic Forane Church will be held from October 9 to 11.


















