ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം പടരുന്നത് തടയാനാവില്ല: മാത്യു സാമുവേല്‍

ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം പടരുന്നത് തടയാനാവില്ല: മാത്യു സാമുവേല്‍

സി.എഫ്.ഐയുടെ പ്രഥമ പണ്ഡിത രാമാബായി പുരസ്‌കാരം മാത്യു സാമുവേലിന് സമ്മാനിച്ചു

ഡാളസ്: ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെയും സുവിശേഷത്തിന്റെ വളര്‍ച്ചയെയും കുറിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഡിറ്ററുമായ മാത്യു സാമുവേല്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിശ്വാസം, പ്രത്യേകിച്ച് പെന്തക്കോസ്ത് പ്രസ്ഥാനം, നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗം വളരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ മയക്കുമരുന്ന് ആസക്തിയില്‍ നിന്ന് മോചനം തേടുന്നവരിലേക്കും ആന്ധ്രാപ്രദേശ്, തെലങ്കാന, വടക്കുകിഴക്കന്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്കും സുവിശേഷത്തിന്റെ സ്വാധീനം വ്യാപിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ഭാരതത്തിലങ്ങോളമിങ്ങോളം ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ആത്മീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന് പാസ്റ്റര്‍മാരായി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വലിയ ആരാധനാലയങ്ങളോ ആഡംബരങ്ങളോ ഒന്നും ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമില്ലെന്നും സാധാരണക്കാരായ വിശ്വാസികള്‍ തന്നെ ആത്മീയ നേതൃത്വത്തിലേക്ക് ഉയരുന്നുവെന്നും മാത്യു സാമുവേല്‍ അഭിപ്രായപ്പെട്ടു. ഒരു ബൈബിളും ഒരു മരത്തിന്റെ തണലുമുണ്ടെങ്കില്‍ അവിടെ ഒരു സഭ അവിടെ പിറവിയെടുക്കുകയാണ്. ഒറ്റപ്പെടുത്തലും അടിച്ചമര്‍ത്തലും പീഡനങ്ങളും ഉണ്ടായാലും ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ച തടയാനാവില്ലെന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിവിധ സഭാ നേതൃത്വങ്ങളില്‍ നിന്നുള്ളവരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സദസ്സില്‍ നിന്ന് നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയര്‍ന്നു. വസ്തുതകളും വിശദാംശങ്ങളും സഹിതം മാത്യു സാമുവേല്‍ മറുപടി നല്‍കി.

പണ്ഡിത രാമാബായി പുരസ്‌കാരം സമ്മാനിച്ചു
ചടങ്ങില്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് ഫോര്‍ ഇന്ത്യ (CFI) ഏര്‍പ്പെടുത്തിയ പ്രഥമ ‘പണ്ഡിത രാമാബായി പുരസ്‌കാരം’മാത്യു സാമുവേലിന് സമ്മാനിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘ഡി-മലയാളി’ എഡിറ്ററുമായ പി. പി. ചെറിയാന്‍ പുരസ്‌കാരം കൈമാറി.

ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമായി നിരന്തരം ശബ്ദമുയര്‍ത്തുകയും മാധ്യമരംഗത്ത് ധീരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തതിനാണ് പുരസ്‌കാരം നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

CFI ചെയര്‍മാന്‍ പാസ്റ്റര്‍ മാത്യു സാമുവേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റര്‍ ഷാജി കാരയ്ക്കല്‍ സ്വാഗതപ്രസംഗം നടത്തുകയും മുഖ്യപ്രഭാഷകനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറര്‍ റവ. തോമസ് മുല്ലക്കല്‍ നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്ത: രാജൂ തരകന്‍


The spread of the Christian faith in India cannot be stopped: Mathew Samuel

Share Email
LATEST excelnclexrn
Top