വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാന ത്തിനെതിരായ ആഗോള പോരാട്ടങ്ങള്‍ക്ക് പ്രതീക്ഷിച്ച വേഗമില്ലെന്നും പിന്നോട്ടു പോകുകയാണെന്നും ഇതിന് അമേരിക്കയുടെ നയങ്ങള്‍ പ്രധാന കാരണമാണെന്നും ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനായി പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കിയാലും വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 2100-ഓടെ ഭൂമിയുടെ ശരാശരി താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറിയതും മുന്‍കാലത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ കണക്കുകള്‍ പുതുക്കിയതുമാണ് ഇതിന് കാരണമെന്നും യുഎന്‍ പരിസ്ഥിതി പരിപാടിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉപയോഗത്തിലൂടെ പുറന്തള്ളുന്ന കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം അമേരിക്ക പിന്നോട്ടുപോയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്തെ പ്രധാന 20 സമ്പദ്വ്യവസ്ഥകളില് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയോ അതിന്റെ വര്‍ധന നിയന്ത്രിക്കുകയോ ചെയ്യാത്ത ഏക രാജ്യമായിരുന്നു അമേരിക്കയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2025-ല്‍ അമേരിക്കയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 133 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് തുല്യ അളവില്‍ വര്‍ധിച്ചു. പുറന്തള്ളല്‍ വര്‍ധിച്ച 124 രാജ്യങ്ങളിലായി രേഖപ്പെടുത്തിയ ആകെ വര്‍ധനയുടെ ഏകദേശം 70 ശതമാനവും അമേരിക്കയില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുതിയുടെ ആവശ്യകത വര്‍ധിച്ചതും കല്‍ക്കരി വൈദ്യുതി ഉല്‍പ്പാദനം വീണ്ടും ഉയര്‍ന്നതുമാണ് ഇതിന് പ്രധാന കാരണങ്ങള്‍.
രാജ്യങ്ങള്‍ നിലവിലെ നയങ്ങളുമായി മുന്നോട്ടുപോയാല്‍ 2100-ഓടെ ആഗോള താപനില വ്യവസായവല്‍ക്കരണത്തിനു മുമ്പുള്ള നിലയേക്കാള്‍ 2.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. 2015-ലെ പാരിസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം താപനില വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും സാധ്യമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലും പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം.
ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ 2030-ഓടെ 18 ശതമാനവും 2040-ഓടെ 69 ശതമാനവും കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് യുഎന്‍ പരിസ്ഥിതി പരിപാടി മേധാവി ഇന്ഗര് ആന്ഡേഴ്സണ് പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങള്‍ ലോകത്തിന് മുന്നിലുണ്ടെങ്കിലും നടപടി വൈകുന്നത് പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അപകടകരവും ചെലവേറിയതുമാക്കുമെന്ന് ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്കി. അമേരിക്കയുടെ നയമാറ്റം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയില്‍ 0.1 ഡിഗ്രി സെല്‍ഷ്യസിന്റെ അധിക വര്‍ധനയ്ക്ക് കാരണമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. താപനിലയിലെ ചെറിയ വര്‍ധന പോലും ഉഷ്ണതരംഗങ്ങള്‍, പ്രളയങ്ങള്‍, കൃഷിനാശം തുടങ്ങിയ പ്രത്യാഘാതങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അധികമായി ഉണ്ടാകുന്ന 0.1 ഡിഗ്രി സെല്‍ഷ്യസ് താപവര്‍ധന 140 ദശലക്ഷം ആളുകളെ അപകടകരമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലേക്ക് തള്ളിവിടാമെന്നും ആമസോണ്‍ മഴക്കാടുകള്‍ക്കും ഗ്രീന്‍ലന്‍ഡ്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലെ മഞ്ഞുപാളികള്‍ക്കും ഭീഷണി വര്‍ധിപ്പിക്കാമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കി.
The world is falling behind in the fight against climate change; UN report points to US policies as a key factor.



















