വാഷിംഗ്ടൺ: വിദേശ തൊഴിലാളി വിസാ പ്രോഗ്രാമുകളിൽ കർശന പരിശോധനകളും നടപടികളും ശക്തമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുതിയ നടപടികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ സജ്ജമായിക്കഴിഞ്ഞുവെന്ന് യു.എസ് തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി’എസ്പോസിറ്റോ വ്യക്തമാക്കി.
വിദേശ തൊഴിലാളി വിസാ വിഷയത്തിൽ ഈ ആഴ്ച നിർണായക നീക്കങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും, അമേരിക്കൻ ജോലികളും അമേരിക്കൻ തൊഴിലാളികളുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിൽ ഡി’എസ്പോസിറ്റോ പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഭരണകൂടത്തിന്റെ സാമ്പത്തിക-വിസാ തട്ടിപ്പ് വിരുദ്ധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. എന്നാൽ ഏതെങ്കിലും പ്രത്യേക വിസാ പ്രോഗ്രാമിനെക്കുറിച്ചോ തൊഴിലുടമകളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. തൊഴിൽ അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനങ്ങളിലെ തിരിമറികളും ചൂഷണങ്ങളും തടയാൻ ഫെഡറൽ തലത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ നീക്കം.
ന്യൂയോർക്കിലെ ഒരു ആശുപത്രിയിൽ മെഡിക്കൽ റെസിഡൻസി നിയമനങ്ങളിൽ വിദേശികൾക്ക് വൻതോതിൽ മുൻഗണന നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ മുന്നറിയിപ്പ്. ആകെ നിയമനം ലഭിച്ചവരിൽ 80 പേരും വിദേശ തൊഴിലാളികളാണെന്നും കേവലം രണ്ട് അമേരിക്കൻ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ജോലി നൽകിയതെന്നുമാണ് ഉയർന്നുവന്നിരിക്കുന്ന പരാതി. മെഡിക്കൽ റെസിഡൻസി തസ്തികകൾ നികത്താൻ ആശുപത്രികൾ തൊഴിൽ അധിഷ്ഠിത ഇമിഗ്രേഷൻ വിസകൾ വ്യാപകമായി ഉപയോഗിക്കുന്നത് എങ്ങനെയെന്ന കാര്യത്തിൽ ഇത് വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
വിദേശ തൊഴിലാളി വിസാ പദ്ധതികൾ അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന വിഷയത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴിത്തിരിവ് നൽകിയിരിക്കുകയാണ്. സ്വദേശികളുടെ തൊഴിൽ സംരക്ഷിക്കുമെന്നും ഇമിഗ്രേഷൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്നുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ അന്വേഷണങ്ങളും നീക്കങ്ങളും പുരോഗമിക്കുന്നത്.


















