യുക്രെയ്നില്‍ സ്റ്റാര്‍ഷീല്‍ഡ് സംവിധാനം പുനഃസ്ഥാപിച്ചതായി ട്രംപിന്റെ സ്ഥിരീകരണം

യുക്രെയ്നില്‍ സ്റ്റാര്‍ഷീല്‍ഡ് സംവിധാനം പുനഃസ്ഥാപിച്ചതായി ട്രംപിന്റെ സ്ഥിരീകരണം

വാഷിംഗ്ടണ്‍: യുക്രെയ്നില്‍ സ്റ്റാര്‍ഷീല്‍ഡ് സൈനിക ആശയവിനിമയ സംവിധാനം വീണ്ടും പ്രവര്‍ത്തനക്ഷമമായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കി. സേവനം പുനഃസ്ഥാപിക്കാന്‍ സ്‌പേസ് എക്‌സ് മേധാവിയായ ഇലോണ്‍ മസ്‌കിനോട് ട്രംപ് ആവശ്യപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായ ആശയവിനിമയ സംവിധാനമാണിത്.

റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, മസ്‌കിനെ താന്‍ നേരിട്ട് വിളിച്ചിരുന്നോ മറ്റാരെങ്കിലും വിളിച്ചിരുന്നോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍, അവസാനം അദ്ദേഹം അത് പുനഃസ്ഥാപിച്ചു എന്നതാണ് പ്രധാന കാര്യമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

യുക്രെയ്ന്‍ സൈനിക ഉപകരണങ്ങള്‍ക്ക് സ്റ്റാര്‍ഷീല്‍ഡ് സംവിധാനവുമായി ബന്ധപ്പെടാനുള്ള വേഗത മസ്‌ക് പരിമിതപ്പെടുത്തിയതായും ഇതുമൂലം യുക്രെയ്നിന്റെ ചില ഡ്രോണുകള്‍ പ്രവര്‍ത്തനരഹിതമായതായും വാള്‍ സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ആണ് സ്റ്റാര്‍ഷീല്‍ഡ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. അതേസമയം, സംവിധാനത്തിന്റെ വേഗതയിലോ ഉപയോഗത്തിലോ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ യുഎസ് സൈന്യവും ആത്യന്തികമായി പ്രസിഡന്റുമാണ് തീരുമാനിക്കുന്നതെന്ന് മസ്‌ക് നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സ്റ്റാര്‍ഷീല്‍ഡ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പെന്റഗണ്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ചൊവ്വാഴ്ച പറഞ്ഞു. യുദ്ധഭൂമിയിലെ ആശയവിനിമയത്തിനും റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്നതിനും ശത്രു ഡ്രോണുകളെ തടയുന്ന ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകളുടെ പ്രവര്‍ത്തനത്തിനും യുക്രെയ്ന്‍ സ്റ്റാര്‍ഷീല്‍ഡ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. സ്‌പേസ് എക്‌സിന്റെ സാധാരണ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ സേവനവും യുക്രെയ്ന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

അതിനിടെ, വാഷിങ്ടണും കീവും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടി രിക്കുകയാണ്. റഷ്യയില്‍നിന്നുള്ള കൂടുതല്‍ ഡീസല്‍ ആഗോള വിപണിയിലെത്തിക്കാന്‍ അനുവദിക്കുന്ന യുഎസ് കരാറിനെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചതിനു പിന്നാലെ, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, യുക്രെയ്നിലെ സ്റ്റാര്‍ഷീല്‍ഡ് സേവനം പുനഃസ്ഥാപിച്ചതായുള്ള ട്രംപിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്.

Trump confirms restoration of Starshield system in Ukraine

Share Email
LATEST excelnclexrn
More Articles
Top