വാഷിംഗ്ടണ്‍: ബ്രസീല്‍ പൊതുതെരഞ്ഞെടുപ്പിനെ ഇന്ത്യന്‍ തെരഞ്ഞെടുപ്പെന്ന പിഴവ് പരാമര്‍ശം നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ന്ത്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നുവെന്നും 12.5 കോടി പേര്‍ വോട്ട് ചെയ്തുവെന്നും അവകാശപ്പെട്ട ട്രംപ്, തിരഞ്ഞെടുപ്പ് ഫലം അതേ ദിവസം തന്നെ പുറത്തുവന്നതായും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍ ഇന്ത്യയില്‍ അന്ന് യാതൊരു തിരഞ്ഞെടുപ്പും നടന്നിരുന്നില്ല. ഇന്ത്യയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് നടത്തുന്ന രീതിയിലുമല്ല.
ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെയും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ട്രംപ് തമ്മില്‍ മാറിപ്പോയതായാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്. ബ്രസീലില്‍ ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും എതിര്‍പക്ഷ സ്ഥാനാര്‍ഥിയായ സെനറ്റര്‍ ഫ്‌ലാവിയോ ബോള്‍സനാരോയും ഭൂരിപക്ഷം നേടാതിരുന്നതോടെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങി. ബ്രസീലിലെ തിരഞ്ഞെടുപ്പ് അധികൃതരുടെ കണക്കനുസരിച്ച് ബോള്‍സനാരോയ്ക്ക് 5.6 കോടിയിലേറെ വോട്ടും ലുലയ്ക്ക് 5.36 കോടി വോട്ടും ലഭിച്ചു. ഒക്ടോബര്‍ 25നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
ബ്രസീലിലെ വോട്ടെടുപ്പിനെ ഇന്ത്യയെന്നു മാറ്റുപ്പറഞ്ഞതിന് പിന്നാലെ യുഎസിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ട്രംപ് വിമര്‍ശിച്ചു. ഡെട്രോയിറ്റ്, ഫിലാഡല്‍ഫിയ, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ താരതമ്യേന കുറഞ്ഞ വോട്ടുകള്‍ എണ്ണാന്‍ പോലും ആഴ്ചകള്‍ വേണ്ടിവരുന്നുവെന്ന് പറഞ്ഞ ട്രംപ്, അമേരിക്കയിലെ വോട്ടെടുപ്പ് സംവിധാനം അഴിമതി നിറഞ്ഞതാണെന്നും ആരോപിച്ചു. നവംബര്‍ മൂന്നിന് നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ആര്‍ക്കെന്നത് നിര്‍ണയിക്കപ്പെടും. ജനപ്രതിനിധിസഭയിലെ മുഴുവന്‍ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
അതേസമയം, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ ട്രംപ് മുമ്പും പ്രശംസിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ഇന്ത്യയിലെ വോട്ടര്‍ തിരിച്ചറിയല്‍ സംവിധാനത്തെ പരാമര്‍ശിച്ച് യുഎസില്‍ കൂടുതല്‍ കര്‍ശനമായ പൗരത്വ പരിശോധനയും വോട്ടര്‍ തിരിച്ചറിയല്‍ സംവിധാനവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ 64.6 കോടിയിലേറെ പേര്‍ പങ്കെടുത്തിട്ടും ഒരു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് തപാല്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പില്‍ സാധുവായ ഫോട്ടോ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമല്ലാത്തതിനെ കുറിച്ച് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ചോദ്യമുന്നയിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു.
അമേരിക്കയിലെ വരാനിരിക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണായകമാകും. നിയമനിര്‍മാണം, ബജറ്റ്, ഭരണകൂടത്തിന്റെ മേല്‍നോട്ടം എന്നിവയില്‍ കോണ്‍ഗ്രസിന് പ്രധാന പങ്കുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തിന്റെ ശേഷിക്കുന്ന കാലയളവിലും നിര്‍ണായക സ്വാധീനം ചെലുത്തും. അതേസമയം, ഇന്ത്യയെക്കുറിച്ചുള്ള ട്രംപിന്റെ പുതിയ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
Trump mistakenly referred to the Brazilian election as the Indian election.


















