വാഷിംഗ്ടൺ: യുഎസ് അതിർത്തി സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി 3,00,000-ത്തിലധികം വിദേശ വിസകൾ റദ്ദാക്കിയതായി ഡോണൾഡ് ട്രംപ് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലൊരിക്കലുമില്ലാത്ത വേഗതയിലാണ് വിസ റദ്ദാക്കൽ നടപടികൾ പുരോഗമിക്കുന്നതെന്നും, രാജ്യസുരക്ഷയ്ക്കും പൊതുജന സുരക്ഷയ്ക്കും ഭീഷണിയാകുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അൽ ജസീറയോട് പറഞ്ഞു.
റദ്ദാക്കപ്പെട്ട ഭൂരിഭാഗം വിസകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടൽ, വിസ നിബന്ധന ലംഘനം, സാമ്പത്തിക തട്ടിപ്പുകൾ, സുരക്ഷാ ഭീഷണികൾ എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ 25 ശതമാനം അക്രമ സംഭവങ്ങളുമായും, 22 ശതമാനം മദ്യപിച്ച് വാഹനമോടിച്ച കേസുമായും, 7 ശതമാനം മോഷണം, 7 ശതമാനം ലഹരിമരുന്ന് ഉപയോഗം അല്ലെങ്കിൽ വിതരണം എന്നിവയുമായും ബന്ധപ്പെട്ടതാണ്. കൂടാതെ ‘ബർത്ത് ടൂറിസത്തിൽ’ ഏർപ്പെട്ട നാലായിരത്തിലധികം ആളുകളുടെ വിസയും റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയപ്പോൾ മുതൽ യുഎസ് കർശനമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കി വരുന്നത്. സോഷ്യൽ മീഡിയ പരിശോധന ഉൾപ്പെടെയുള്ള പുതിയ നിരീക്ഷണ രീതികൾ യുഎസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ ഈ അതിരുകടന്ന സോഷ്യൽ മീഡിയ പരിശോധനയും കടുത്ത നയങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, വിദേശ പൗരന്മാരെ അനാവശ്യമായി നിരീക്ഷണത്തിലാക്കുന്നതിന് തുല്യമാണെന്നും അവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി.



















