വാഷിംഗ്ടൺ: അലാസ്കയിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ, ക്ലീൻ എയർ ആക്ട് ലംഘിച്ച കേസിൽ കുറ്റക്കാരായി കണ്ടത്തിയ രണ്ട് ഓട്ടോ ഷോപ്പ് ഉടമകൾക്ക് വേദിയിൽ വെച്ച് മാപ്പ് (പാർഡൺ) നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റിന്റെ അധികാരത്തിന്റെ അപൂർവ്വമായ പരസ്യ ഉപയോഗത്തിനാണ് റാലി വേദിയായത്. അലാസ്കയിലെ വാസിൽവയിൽ നടന്ന പ്രീ-മിഡ്ടേം തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം.
സക്കറി സുബാക്, പാട്രിക് ഫ്ലെമിംഗ് എന്നീ ഓട്ടോ ഷോപ്പ് ഉടമകളെ വേദിയിലേക്ക് വിളിപ്പിച്ച ട്രംപ് ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കുകയായിരുന്നു. ഡീസൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ആം റിപ്പിൻ ടോയ്സ്’ എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ഇവർ. വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട് ഫെഡറൽ പ്രോസിക്യൂട്ടർമാർ ഇവർക്കെതിരെ കേസെടുക്കുകയും, 2022-ൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ പ്രൊബേഷനും പിഴയും ശിക്ഷയായി ലഭിച്ചിരുന്നു.
തണുപ്പേറിയ അലാസ്കയിലെ കാലാവസ്ഥയിൽ വാഹനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് ഇവർ യന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തിയതെന്നും, ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള നീതിന്യായ വകുപ്പ് സാധാരണക്കാരായ തൊഴിലാളികളെ അകാരണമായി ലക്ഷ്യമിടുകയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. തനിക്ക് മാപ്പ് നൽകാൻ സാധിക്കുമെന്നും അത് വലിയൊരു അംഗീകാരമാണെന്നും വ്യക്തമാക്കിയ ട്രംപ്, സദസ്സിന്റെ വലിയ കയ്യടിയോടെയാണ് രേഖകൾ കൈമാറിയത്. സ്ഥാപനത്തിലെ മൂന്നാമത്തെ പങ്കാളിക്കും നേരത്തെ മാപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതിക നിയമങ്ങളുടെ പേരിൽ കർശന നടപടികൾ സ്വീകരിച്ച മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, ട്രംപ് ഭരണകൂടം ഇത്തരം നിയമങ്ങളിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.



















