വാഷിംഗ്ടൺ: ഗ്രീൻലാൻഡിൽ എണ്ണ, വാതക, ധാതു സമ്പത്തുകൾക്കായുള്ള കൂറ്റൻ പര്യവേക്ഷണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രീൻലാൻഡിൽ എണ്ണയുടെ ലഭ്യത ലോകത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളും വളരെ കൂടുതലാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പ്രതിരോധ രംഗത്ത് ഗ്രീൻലാൻഡ് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
അമേരിക്കയ്ക്ക് നേരെയുള്ള ഏതൊരു ഭാവി ആക്രമണവും ഗ്രീൻലാൻഡിന് മുകളിലൂടെ കടന്നുവരേണ്ടതുണ്ടെന്നും, അവിടെ സ്ഥാപിച്ചിട്ടുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് ശത്രുക്കളുടെ ഡ്രോണുകളും മിസൈലുകളും എളുപ്പത്തിൽ തകർക്കാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനായി യുഎസും ഡെൻമാർക്കും ഗ്രീൻലാൻഡും തമ്മിൽ പുതിയ സുരക്ഷാ കരാർ ഒപ്പുവെച്ച് ആഴ്ചകൾക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.
ഗ്രീൻലാൻഡിലെ പിതുഫിക് ബഹിരാകാശ താവളം വിപുലീകരിക്കുന്നതിനും നാർസാർസുവോക്, മെസ്റ്റർസ്വിഗ് എന്നിവിടങ്ങളിൽ പുതിയ പ്രതിരോധ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. തന്ത്രപ്രധാനമായ ഈ മേഖലയിലെ ഊർജ-ധാതു വിഭവങ്ങളിൽ അമേരിക്കയുടെ ശ്രദ്ധ വീണ്ടും സജീവമാകുന്നതിന്റെ സൂചനയായാണ് പുതിയ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.



















