വാഷിംഗ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി തയ്യാറാകുന്നില്ലെന്നും അതിനാൽ രാജ്യത്തിന് പുതിയൊരു നേതൃത്വത്തെയാണ് ആവശ്യമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്ന് ടെൻസസിയിലേക്കുള്ള യാത്രയ്ക്ക് പുറപ്പെടവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പരാമർശം നടത്തിയത്.
സമാധാന കരാറുകളിൽ എത്തിച്ചേരാൻ കഴിയുന്ന പുതിയൊരു നേതാവിനെ യുക്രൈൻ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ യുക്രൈൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ അമേരിക്കയിലെ ഇന്ധനവില വർദ്ധനവിനും കർഷകർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഊർജ വില പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടയിലാണ് യുക്രൈന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളെന്നും ട്രംപ് ആരോപിച്ചു.
താൻ 2022-ൽ യു.എസ് പ്രസിഡന്റായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും ആരംഭിക്കില്ലായിരുന്നുവെന്നും നിലവിലെ സാഹചര്യം തികഞ്ഞ കഴിവുകേടാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിൽ യുക്രൈന് വലിയ രീതിയിൽ ഭൂപ്രദേശങ്ങൾ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുക്രൈന് പുതിയൊരു പ്രസിഡന്റ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ട്രംപ് ആവർത്തിച്ചു വ്യക്തമാക്കി.



















