ഇറാനെതിരെ വീണ്ടും സൈനികാക്രമണമുണ്ടാകുമെന്നു ട്രംപിന്റെ ഭീഷണി; ‘തീകൊണ്ട് കളിക്കരുതെന്ന്’ ഇറാന്റെ മുന്നറിയിപ്പ്

ഇറാനെതിരെ വീണ്ടും സൈനികാക്രമണമുണ്ടാകുമെന്നു ട്രംപിന്റെ ഭീഷണി; ‘തീകൊണ്ട് കളിക്കരുതെന്ന്’ ഇറാന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും സൈനികാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ‘ലിറ്റില്‍ എപിക് ഫ്യൂറി’ എന്ന പേരിലാണ് പുതിയ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്‍ ബുദ്ധിപൂര്‍വം തീരുമാനമെടുത്ത് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ലോറിഡയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’യാണ് മാസങ്ങളായി തുടരുന്ന യുദ്ധത്തിന് തുടക്കമിട്ടത്. ആക്രമണത്തില്‍ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ ഇറാന്റെ ആണവസമ്പുഷ്ടീകരണ ശേഷി തകര്‍ക്കുകയും രാജ്യത്തിന്റെ സൈനികശക്തിയെയും സമ്പദ്വ്യവസ്ഥയെയും ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാരാന്ത്യത്തില്‍ തന്നെ ഇറാനെതിരെ ആക്രമണം ഉണ്ടായേക്കാമെന്ന് തുര്‍ക്കിയിലെ യുഎസ് അംബാസഡര്‍ ടോം ബാരക്കും നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ധാരണയിലെത്താന്‍ ട്രംപ് തയ്യാറാണെന്നും അദ്ദേഹം ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ബാരക്കിന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ധാരണയിലൂടെയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതിന് സമയപരിധി അദ്ദേഹം നല്‍കിയില്ല.

അതേസമയം, അമേരിക്കയും ഇസ്രായേലും വീണ്ടും ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. പേര്‍ഷ്യന്‍ ഗള്‍ഫിലെ കടലിനടിയിലൂടെയുള്ള ആശയവിനിമയ കേബിളുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സംവിധാനങ്ങളെ ലക്ഷ്യമിടാനുള്ള പദ്ധതികള്‍ ഇറാന്‍ തയ്യാറാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണമുണ്ടായാല്‍ കേബിളുകളുടെ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടുത്തി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളുടെ തകരാര്‍ നീട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെ ആക്രമിച്ചാല്‍ ഇനി ചുവപ്പുവരകളുണ്ടാകില്ല. കടലിനടിയിലെ കേബിളുകള്‍ മുതല്‍ രഹസ്യ സൈനിക താവളങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക കേന്ദ്രങ്ങള്‍ വരെ ലക്ഷ്യമാകും. അമേരിക്ക തീകൊണ്ട് കളിക്കരുതെന്നു ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഇതിനിടെ, വിദേശത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണപദ്ധതികള്‍ ശക്തമായതായും ചില പദ്ധതികള്‍ നിര്‍ണായക ഘട്ടത്തിലെത്തിയതായും യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ രഹസ്യാന്വേഷണ ഡയറക്ടര്‍ ജെയ് ക്ലേറ്റണ്‍ ഒക്ടോബര്‍ 23ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് അയച്ച മെമ്മോയെക്കുറിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലെ യുഎസ് എംബസിയില്‍നിന്നും ജിദ്ദ, ധഹ്‌റാന്‍ കോണ്‍സുലേറ്റുകളില്‍നിന്നും അടിയന്തര സേവനങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാരോട് ഒഴിഞ്ഞുപോകാന്‍ അമേരിക്ക നിര്‍ദേശിച്ചു. യുഎഇ, ലെബനന്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ എംബസികളിലും ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ അടുത്ത നീക്കങ്ങളും ഇറാന്റെ പ്രതികരണവും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Trump threatens further military strikes against Iran; Iran warns against ‘playing with fire.’

Share Email
LATEST excelnclexrn
Top